sheeba
ജില്ലാ കലക്ടർ ഷീബ ജോർജ് ഇഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി :ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലെ ഫയൽ സംവിധാനങ്ങൾ ഇനി കടലാസ് രഹിതം. താലുക്കുകളുടെ ഇ -ഓഫീസ് സംവിധാനം കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഇ -ഓഫീസ് സംവിധാനം നടപ്പാക്കി വരുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐടി മിഷനാണ്. ജില്ലയിൽ ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രവർത്തിക്കുന്നത്. താലൂക്കുകളിൽ പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ -ഓഫീസ് സംവിധാനം സജ്ജമാക്കിയത്. കളക്ടറുടെ ചേമ്പറിൽ ചേർന്ന ഓൺലൈൻ ഉദ്ഘാടന യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് എന്നിവരും അഞ്ച് താലൂക്കുകളിലായി തഹസിൽദാർമാർ, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.