കട്ടപ്പന :അജ്ഞാത രോഗം മൂലം കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങുന്നു.ആലടി സ്വദേശി പടലുങ്കൽ ജോസഫിന്റെ കൃഷിയിടത്തിലെ കുരുമുളക് ചെടികളിലാണ് രോഗം കണ്ടെത്തിയത്.ചെടികൾ പൂർണ്ണമായും കരിഞ്ഞുണങ്ങുകയാണ്. ആദ്യം ഇലകളാണ് കരിയുന്നത്. പിന്നാലെ അരിമണികളും വാടും. തുടർന്ന് തണ്ട് ഉൾപ്പടെ കരിയുകയാണ്. ഇതിനോടകം 150 ചെടികൾ നശിച്ചുരോഗം മറ്റു കൃഷിയിടങ്ങളിലേയ്ക്കും ബാധിക്കുമോയെന്ന ഭയവും കർഷകർക്കുണ്ട്. ഉത്പ്പാദനക്കുറവും വിലത്തകർച്ചയും മൂലം പൊറുതി മുട്ടിയ കർഷകരെ ഇപ്പോഴത്തെ പുതിയ രോഗം പ്രതികൂലമായി ബാധിക്കുമോയെന്നും ആശങ്കയുണ്ട്. അപൂർവ്വ രോഗം ബാധിച്ചിരിക്കുന്ന ചെടികൾ ഉടമ വിള ഇൻഷൂറൻസ് പദ്ധതിയിൽ ചേർത്തിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ചെടി പൂർണ്ണമായും കരിഞ്ഞു പോകുന്ന രോഗം കൃഷി വകുപ്പിൽ അറിയിച്ചിട്ടും പരിശോധിക്കാൻ ആരുമെത്തിയിട്ടില്ലെന്നും ജോസഫ് ആരോപിച്ചു. തുടരെ മഴ ലഭിച്ചപ്പോൾ തണ്ട് ചീയുന്ന രോഗം വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രോഗവും. രോഗനിർണയം നടത്തി ഫലവത്തായ പ്രതിവിധി നിർദേശിക്കാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.