തൊടുപുഴ: ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്ക് നടുറോ‌ഡിലെത്തിയതോടെ നാട്ടുകാരും പൊലീസും ഒരുപോലെ വലഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തൊടുപുഴ അമ്പലം ബൈപാസ് റോഡിൽ നഗരസഭ പാർക്കിന് സമീപത്തായിരുന്നു സംഭവം. ബൈപാസ് റോഡരികിൽ ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന കിഴക്കേയറ്റം സ്വദേശിയും ഇയാളുടെ ഭാര്യയും തമ്മിലാണ് പരസ്പരം പോരടിച്ചത്. ഇരുവരും തമ്മിലും വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ വീട്ടമ്മ റോഡിൽ അവശയായി വീണു. ഉന്തുവണ്ടിയിലുണ്ടായിരുന്ന പച്ചക്കറികളെല്ലാം റോഡിലായി. ഇതോടെ ഭർത്താവ് സ്ഥലംവിട്ടു. സ്ത്രീ റോഡിൽ വീണ് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരും ചുറ്റുംകൂടി. ഇതോടെ ബൈപ്പാസ് റോഡിൽ ഗതാഗതതടസം നേരിട്ടു. തുടർന്ന് നാട്ടുകാരിലാരോ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ സ്റ്റേഷനിൽ വനിതാ പൊലീസടക്കം സ്ഥലത്തെത്തി. വീട്ടമ്മയെ ആട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഭർത്താവിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും വീട്ടിലും സ്ഥിരമായി വഴക്കാണെന്ന് പറയപ്പെടുന്നു.