വണ്ണപ്പുറം: യു വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ എം.എ. ബിജു തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിനും ബി.ജെ.പിക്കും സ്ഥാനാർത്ഥികളില്ലാതിരുന്നതിനാൽ എതിരില്ലാതെയാണ് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. നാലാം വാർഡായ വെള്ളക്കയത്തിൽ നിന്നുള്ള പഞ്ചായത്തംഗമാണ് ബിജു. കഴിഞ്ഞ ഒരു വർഷം പ്രസിഡന്റായിരുന്ന കേരള കോൺഗ്രസിലെ രാജീവ് ഭാസ്‌കർ യു.ഡി.എഫ് ധാരണ പ്രകാരം ജനുവരിയിൽ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി നടന്നത്. 17 അംഗ ഭരണ സമിതിയിൽ ഒമ്പത് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് ഒരു പ്രതിനിധിയുമാണുള്ളത്. പട്ടികജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഈ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളില്ല. യു.ഡി.എഫ് ധാരണ പ്രകാരം ഇനിയുള്ള നാല് വർഷവും ബിജു തന്നെയാകും പഞ്ചായത്ത് പ്രസിഡന്റ് . മുന്നണി ധാരണ പ്രകാരം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോൺഗ്രസിന്റെ സജി കണ്ണമ്പുഴയും രാജിവെച്ചു. ഈ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.