തൊടുപുഴ: ജനവാസ മേഖലയിലെ കിണറിൽ വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തിൽ വെടി വച്ച് കൊന്നു. കഴിഞ്ഞ ദിവസം തൊടുപുഴയ്ക്ക് സമീപം തെക്കുംഭാഗത്തായിരുന്നു സംഭവം. സംരക്ഷണ ഭിത്തിയില്ലാതിരുന്ന പത്തടിയിലേറെ ആഴമുള്ള കിണറിനുള്ളിലേക്ക് രാത്രിയെപ്പോഴോ പന്നികൾ വീഴുകയായിരുന്നു. ഇക്കാര്യം വീട്ടുകാരോ സമീപവാസികളോ അറിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞ് മോട്ടോറിൽ വെള്ളം കയറാതെ വന്നപ്പോൾ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പന്നികൾ കിണറ്റിൽ വീണതായി കണ്ടത്. കാട്ടുപന്നിയുടെ സാന്നിദ്ധ്യമില്ലാത്ത പ്രദേശമായിരുന്നു തെക്കുംഭാഗം. വീട്ടുകാർ അറിയിച്ചതനുസരിച്ച് മൂലമറ്റത്ത് നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. തോക്ക് ലൈസൻസുള്ള മൂലമറ്റം തച്ചാംപുറം ജെറീഷ്, ഇടവക്കണ്ടം സിബി എന്നിവരും വനപാലകർക്കൊപ്പം ഉണ്ടായിരുന്നു. ആഴമുള്ള നിറയെ കാട് പിടിച്ച കിണറിൽ ഇറങ്ങുക അപകടകരമായതോടെ കരയിൽ നിന്ന് പന്നിയെ വെടിവച്ച് കൊല്ലാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെടി ശബ്ദം കേട്ടതോടെ പന്നികൾ കിണറിനുള്ളിലെ അള്ളിനുള്ളിലേക്ക് മറഞ്ഞു. ഇതോടെ തൊടുപുഴയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങൾ എത്തി കയറിൽ കെട്ടിയ വല കിണറിന് ഉള്ളിലേക്കിറക്കി. തുടർന്ന് ഗോവണി ഉപയോഗിച്ച് ജെറീഷ് കിണറിന്റെ സുരക്ഷിത ഭാഗം വരെ ഇറങ്ങി. ഏറെ സമയം കാത്തിരുന്നാണ് സാഹസികമായി രണ്ടിനെയും വെടിവച്ച് കൊന്നത്.
പിന്നീട് വടത്തിൽ കെട്ടി 32ഉം 34ഉം കിലോയുള്ള പന്നികളുടെ ജഡം കരയ്ക്ക് എത്തിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പന്നികളുടെ ജഡം മൂലമറ്റത്തെ വനം വകുപ്പ് ഭൂമിയിൽ മറവ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.പി. സാജു, ബീറ്റ് ഓഫീസർമാരായ വി.എസ്. ഷിബു, റ്റി.ആർ. പ്രശാന്ത്, ഉദ്യോഗസ്ഥരായ ഷാജഹാൻ, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് അധികൃതരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.