കൂറുമാറിയ മുൻ പ്രസിഡന്റ് വീണ്ടും അധികാരത്തിൽ
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിനെ അട്ടിമറിച്ച് ഇടതുപക്ഷം പിടിച്ചെടുത്തു. മുൻ പ്രസിഡന്റ് രാജി ചന്ദ്രൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ ചേർന്നതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. രാജി ചന്ദ്രൻ തന്നെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 13 അംഗഭരണസമിതിയിൽ യു.ഡി.എഫിന്- ഏഴ്, എൽ.ഡി.എഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. രാജി ചന്ദ്രൻ എൽ.ഡി.എഫിലേക്ക് വന്നതോടെ എൽ.ഡി.എഫ്- ഏഴ്, യു.ഡി.എഫ്- ആറ് എന്നിങ്ങനെയായി കക്ഷിനില. യു.ഡി.എഫ് ധാരണ അനുസരിച്ച് ആദ്യ ഒരു വർഷം കോൺഗ്രസിലെ രാജിചന്ദ്രനും അടുത്ത രണ്ടര വർഷം കോൺഗ്രസിലെ തന്നെ ആൻസി തോമസിനും അവസാന ഒന്നര വർഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ജനുവരിയിൽ കാലാവധി തീർന്നതോടെ രാജി ചന്ദ്രനോട് യു.ഡി.എഫ് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു. തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു രാജിയുടെ ആവശ്യം. എന്നാൽ യു.ഡി.എഫ് നേതൃത്വം ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് രാജി ചന്ദ്രൻ രാജി വയ്ക്കുകയായിരുന്നു. യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ആൻസി തോമസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്റഖ്യാപിച്ചു. യോഗത്തിൽ രാജിചന്ദ്രൻ പങ്കെടുത്തിരുന്നില്ല. ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച് എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പമാണ് രാജി ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്തിലെത്തിയത്. സമ്മേളന ഹാളിൽ എൽ.ഡി.എഫ് മെമ്പർമാർക്കൊപ്പമാണ് ഇരുന്നത്. രാവിലെ 11 ന് നടന്ന തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി കളക്ടർ ജോളിയായിരുന്നു വരണാധികാരി. എൽ.ഡി.എഫ് നോമിനിയായി രാജി ചന്ദ്രനും യു.ഡി.എഫ് പ്രതിനിധിയായി ആൻസി തോമസും നോമിനേഷൻ നൽകി. രാജി ചന്ദ്രന് ഏഴും ആൻസി തോമസിന് ആറും വോട്ടും ലഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം തടിയമ്പാട് ടൗണിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജി ചന്ദ്രനെ കഞ്ഞിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തുകളിലെ ഭരണം സമാന രീതിയിൽ യു.ഡി.എഫിന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കി ബ്ലോക്കിലും അട്ടിമറി അരങ്ങേറിയത്.
തിരഞ്ഞെടുപ്പിനിടെ സംഘർഷം; കോൺഗ്രസ് നേതാവിന് പരിക്ക്
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിന് മർദനമേറ്റു. തിരഞ്ഞെടുപ്പിനു മുമ്പ് വിപ്പ് നൽകുന്നതിന് ബ്ലോക്ക് ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജോസിന് മർദനമേറ്റത്.
അമ്പതോളം വരുന്ന ഇടതു പ്രവർത്തകർ കപ്പക്കോലും കാപ്പിവടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പരിക്കേറ്റ ജോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.