തൊടുപുഴ: മോർ ജംഗ്ഷനിലെ ഗതാഗതകുരുക്ക് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ നഗരസഭ ഗതാഗത ഉപദേശക സമിതി അധികൃതർക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിർദേശം നൽകി. മോർ ജംഗ്ഷനിൽ അടുത്ത നാളിൽ സ്ഥാപിച്ച വെയ്റ്റിങ്ങ് ഷെഡ് പൊളിച്ച് മാറ്റുക, മോർ ജംഗ്ഷനിലെ അതി രൂക്ഷമായ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളോടെ തൊടുപുഴ റോയൽ ഗാർഡൻസ് റെസിഡനൻസ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ പി.എ സിറാജുദ്ദീൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായി തുടരുകയാണ് മോർ ജംഗ്ഷനിലെ അതിരൂക്ഷമായ ഗതാഗതകുരുക്ക്. പ്രശ്‌ന പരിഹാരത്തിന് നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ വർഷങ്ങളായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ചില വ്യക്തി താല്പര്യങ്ങളാലും രാഷ്ട്രീയ വടം വലിയിലും അതെല്ലാം തുടക്കത്തിലേ തന്നെ അസ്തമിച്ചു. ജനം പെട്ട് പോകും വിധംനഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് പതിവാണെങ്കിലും ഏറ്റവും രൂക്ഷം മോർ ജംഗ്ഷനിലാണ്. മൂലമറ്റം-ഇടുക്കി,പാലാ, ഈരാറ്റുപേട്ട എന്നിങ്ങനെ റൂട്ടുകളിലേക്കും ഇവിടങ്ങളിൽ നിന്ന് തിരിച്ച് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും മറ്റ് വിദൂര സ്ഥലങ്ങളിലേക്കും പോകുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങൾ പ്രധാനമായും മോർ ജംഗ്ഷൻ വഴിയാണ് കടന്ന് പോകുന്നത് എന്നതിനാൽ മിക്കവാറും സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാണ്. രാവിലെ 9 മുതൽ 10.30 വരേയും ഉച്ചക്ക് ശേഷം 3.30 മുതൽ 7 വരേയുമുള്ള സമയങ്ങളിൽ ഇത് വഴി കടന്ന് പോകുന്ന വാഹന യാത്രക്കാർ ഏറെ സമയം റോഡിൽ പെട്ട് പോകുന്ന അവസ്ഥയാണുള്ളത്. ഗതാഗത നിയന്ത്രണത്തിന് ഇവിടെ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ജനത്തിന് പ്രയോജനം ലഭിക്കുന്നുമില്ല.
ബസുകൾ നിർത്തുന്നത് ആശാസ്ത്രീയം.
മോർ ജംഗ്ഷന് സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ ആശാസ്ത്രീയമാണ്. മുട്ടം റൂട്ടിൽ സെന്റ് മേരിസ് ആശുപത്രിക്ക് ഇപ്പുറത്തും കോതായിക്കുന്ന് ബൈപ്പാസ് റോഡിൽ ഓട്ടോ റിക്ഷ സ്റ്റാൻഡിന് സമീപത്തും മൂപ്പിൽ കടവ് റൂട്ടിൽ പുതിയതായി നിർമ്മിച്ച വെയ്റ്റിങ്ങ് ഷെഡ്ഢിന് മുന്നിലുമുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചാൽ ഇവിടെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ആകും. ജന പ്രതിനിധികൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർ സംയുക്തമായി ശ്രമിച്ചാൽ ഇതൊക്കെ പരിഹരിക്കാൻ കഴിയും എന്ന് ജനങ്ങൾ പറയുന്നു; എന്നാൽ ആരും ശ്രമിക്കുന്നില്ല എന്നും ജനം കുറ്റപ്പെടുത്തുന്നു.
ഓവർ ബ്രിഡ്ജ് എവിടെ...?
മോർ ജംഗ്ഷനിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻപ് പദ്ധതി ആവിഷ്ക്കരിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലാകില്ല എന്ന് ജനത്തിന് പിന്നീട് ബോദ്ധ്യം വന്നു. ഇതിന് വേണ്ടി തൊടുപുഴ നിവാസികളായ ചിലർ സ്വന്തം പണം മുടക്കി തിരുവനന്തപുരം പോയി ഉന്നതരെ കണ്ട് വെറുതെ തിരിച്ച് വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് തൊടുപുഴ നഗരസഭയുടെ വിവിധ യോഗങ്ങളിലും ജനം നിരന്തരം ആവശ്യപ്പെട്ടിരുന്നു.