തൊടുപുഴ: ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം കാലുമാറ്റത്തിലൂടെ ഇടതുമുന്നണി പിടിച്ചെടുത്ത നടപടിയെ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും ശക്തമായി അപലപിച്ചു.
വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തുകളിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും യു ഡി എഫിന്റെ സിറ്റിംഗ് പ്രസിഡന്റുമാരെ കാലുമാറ്റിയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്.കൂറുമാറ്റത്തിലൂടെ ജനഹിതം അട്ടിമറിച്ച ഇടതുമുന്നണി മഹത്തായ ജനാധിപത്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്തി.യു ഡി എഫിന്റെ വോട്ടു വാങ്ങി വിജയിച്ച ശേഷം ഇടതുമുന്നണിയിലേക്ക് കാലുമാറിയവർക്ക് ഒരു നിമിഷം പോലും മെമ്പർമാരായി അധികാരത്തിൽ തുടരാൻ ധാർമ്മികമായി അവകാശമില്ല. അവരൊക്കെ ഉടനടി മെമ്പർ സ്ഥാനം രാജി വയ്ക്കണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുദ്ധ സമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൂറുമാറ്റം അരങ്ങേറിയത്.
അക്രമികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത് മാതൃകാപരമായി ശിക്ഷിക്കണം. ജില്ലയെ കലാപഭൂമിയാക്കി മാറ്റാനുള്ള സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.