ഇടുക്കി: ജില്ലയിൽ 2690 കുടുംബങ്ങൾ അതിദരിദ്രരുണ്ടെന്ന് ദാരിദ്ര്യ ലഘൂകരണ സർവേയിൽ കണ്ടെത്തി. 52 ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും 3.46 ലക്ഷം കുടുംബങ്ങളിൽ നിന്ന് അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ 3063 കുടുംബങ്ങളെയാണ് ആദ്യം അതിദരിദ്രരായി കണ്ടെത്തിയത്. 861 വാർഡുകളിലുള്ള കുടുംബങ്ങളിൽ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് ഇതിൽ നിന്ന് 2690 കുടുംബങ്ങളെ അന്തിമപട്ടികയിൽ ചേർത്തത്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സർവേ. നഗരസഭകളിലാണ് ദരിദ്രരുടെ എണ്ണം കൂടുതൽ. കട്ടപ്പനയിൽ​ 149 ഉം തൊടുപുഴയിൽ 122 ഉം അതിദരിദ്ര കുടുംബങ്ങളാണുള്ളത്. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 16 അതിദരിദ്ര കുടുംബങ്ങളുണ്ട്. നൂറിലേറെ അതിദരിദ്ര കുടുംബങ്ങളുള്ള ആറ് ഗ്രാമപഞ്ചായത്തുകളാണുള്ളത്. അമ്പതിനും നൂറിനുമിടയിലുള്ള 16 ഗ്രാമപഞ്ചായത്തുകളാണുള്ളത്. 32 ഗ്രാമപഞ്ചായത്തുകളിൽ അതിദ്രരിദ്ര കുടുംബങ്ങൾ 50ൽ താഴെയാണ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയായിരുന്നു വിവരശേഖരം നടത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ദുർഘടമായതും ഗതാഗത സൗകര്യമില്ലാത്തതുമായ പ്രദേശങ്ങളിലെല്ലാം സമയബന്ധിതമായി പരിശോധിച്ചാണ് ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ സർവേ പൂർത്തിയാക്കിയത്. നവംബറിൽ ആരംഭിച്ച സർവേ ജനുവരി അവസാനമാണ് തീർന്നത്. ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറായ സാജു സെബാസ്റ്റ്യനായിരുന്നു ജില്ലാ നോഡൽ ഓഫീസർ.

പ്രവർത്തനം ഇങ്ങനെ

വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഒരു വാർഡിൽ രണ്ട് സന്നദ്ധപ്രവർത്തകർ വീതമാണ് സർവേ നടത്തിയത്. കമ്മിറ്റി അംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും വാർഡ് മെമ്പർമാർക്കും പരിശീലനം നൽകുകയെന്നതായിരുന്നു ആദ്യപടി. ഇതിന് ശേഷം കുടുംബശ്രീ, വാർഡ് തല കമ്മിറ്റി, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ആദ്യപട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയിൽ നിന്നുള്ളവരെ സന്നദ്ധപ്രവർത്തകർ നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്യോഗസ്ഥരും സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഉദ്യോഗസ്ഥരും സൂക്ഷ്മതല പരിശോധന നടത്തിയാണ് അന്തിമപട്ടിക തയ്യാറാക്കിയത്. കുടുംബത്തിൽ ആർക്കെങ്കിലും വരുമാനമുള്ളവരുണ്ടെങ്കിൽ പട്ടികയിൽ ഇടംകിട്ടില്ല. ആശ്രയപദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളും പട്ടികയിൽ വരില്ല.

'കുറച്ച് വാർഡുകളുടെ കൂടി പട്ടിക ഗ്രാമസഭയും പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷം അന്തിമപട്ടിക പ്രസിദ്ധീകരിക്കും."

- സാജു സെബാസ്റ്റ്യൻ

(ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ)​

ഓരോ കുടുംബത്തിനും പദ്ധതി

ദാരിദ്ര്യ ലഘൂകരണ പ്രവർത്തനത്തിനാണ് സർവേ നടത്തിയത്. പട്ടികയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തിനെയും ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരുന്നതിന് അനുയോജ്യമായ ഓരോ മൈക്രോ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ് ലക്ഷ്യം.