അറക്കുളം: കഴിഞ്ഞ കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടലിൽ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് പോയ അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി- തെക്കുംഭാഗം ട്രൈബൽ കോളനിയിലേക്കുള്ള റോഡ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് തുറന്ന് നൽകി. മലവെള്ളപ്പാച്ചിലിൽ സംരക്ഷണഭിത്തികളും റോഡും ഒലിച്ച് പോവുകയായിരുന്നു. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം പണി നിറുത്തി വയ്ക്കുകയായിരുന്ന റോഡാണ് ഇപ്പോൾ പണി പൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്ന് നൽകിയത്. ഗ്രാമപഞ്ചായത്തംഗം പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് ഉദ്ഘാടനം ചെയ്തു. അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹൻ രവി, ഊരുമൂപ്പൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.