thevan

കുമളി: ചന്ദനമോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി വീണ്ടും ചന്ദനമോഷണക്കേസിൽ തന്നെ പിടിയിലായി. കുമളി മന്നാക്കുടി സ്വദേശി തേവൻ മണിയെയാണ് (55) വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വക്കീൽ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചതെന്നാണ് ഇയാൾ വനപാലകർക്ക് മൊഴി നൽകിയത്. മുമ്പ് ചന്ദനം മോഷ്ടിച്ച കേസിൽ തേവൻ മണിക്കും മറ്റൊരു പ്രതിയെയും കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ഡിസംബർ 27ന് തേക്കടി ശകുന്തളക്കാട് ഭാഗത്ത് നിന്ന് മൂന്ന് ചന്ദന മരങ്ങൾ മോഷണം പോയത്. അന്ന് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ നായ തേവൻ മണിയുടെ വീടിന് സമീപം ഓടിയെത്തി നിന്നെങ്കിലും ഇയാളെ പിടികൂടാനോ തെളിവ് കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ അന്വേഷണത്തിലാണ് തേവൻ മണി കുടുങ്ങിയത്. വനം വകുപ്പിലെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തേക്കടി റേഞ്ച് ആഫീസർ അഖിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീടിന് പിന്നിലെ സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ആറ് കിലോ ചന്ദനവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.