തൊടുപുഴ: ഇരുപത് അടിയോളം താഴ്ചയുള്ള കിണറിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.15ന് നെയ്യശ്ശേരി വള്ളാടിയിൽ ജയദേവന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്. ജയദേവന്റെ പുരയിടത്തിലെ തന്നെ കിണറിലേയ്ക്കാണ് പശു മേഞ്ഞു നടക്കുന്നതിനിടെ വീണത്. ഉടൻതന്നെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർ സി.വി. രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പശുവിനെ കരയ്‌ക്കെത്തിച്ചു. പശുവിന് മറ്റ് പരിക്കുകളൊന്നും ഇല്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഘത്തിൽ ടി.പി. ഷാജി, ബിൽസ് ജോർജ്ജ്, ആർ. നിതീഷ്, വി. മനോജ് കുമാർ, രഞ്ജി കൃഷ്ണൻ, ഇ.എൻ. അനൂപ് എന്നിവർ ഉണ്ടായിരുന്നു.