തൊടുപുഴ: ബി.ഡി.ജെ.എസ് നേതാവിനെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി മർദിച്ചതായി പരാതി. ബി.ഡി.ജെ.എസ് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് പന്നിമറ്റം കുറുവക്കയം ഊഞ്ഞാംപടിക്കൽ അനീഷ് അയ്യപ്പനാണ് (36) ബി.ജെ.പി നേതാക്കൾ മർദിച്ച ശേഷം ഭീഷണിപ്പെടുത്തി മുദ്രപത്രങ്ങൾ ഒപ്പിടീപ്പിക്കുകയും വാഹനങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് പ്രഭാകരൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് മർദിക്കുകയും കവർച്ച നടത്തുകയും ചെയ്‌തെന്നാണ് കേസ്. ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയിൽ പറയുന്നതിങ്ങനെ: അനീഷ് സവാള മൊത്ത വ്യാപാരിയാണ്. കച്ചവടവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്ക് നൽകാനുള്ള പണത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് അനീഷിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ചർച്ചയ്ക്കിടെ പ്രബീഷും സംഘവും മർദിക്കുകയും ഭീഷണിപ്പെടുത്തി മുദ്രപത്രത്തിലും ചെക്കുകളിലും ഒപ്പിടീപ്പിക്കുകയുമായിരുന്നു. വാഹനം പിടിച്ചുവെച്ചെന്നും പരാതിയിലുണ്ട്. അനീഷ് കാരിക്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.