13 ഡെപ്യൂട്ടി തഹസിൽദാരടക്കം 41 ജീവനക്കാരെ നിയമിച്ചു
തൊടുപുഴ: സർക്കാർ ഉത്തരവ് പ്രകാരം രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഈ മാസമോ അടുത്ത മാസം ആദ്യമോ ഹിയറിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി പട്ടയങ്ങൾ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ആഫീസർമാർക്ക് നിർദേശം നൽകി. പട്ടയങ്ങൾ പരിശോധിക്കുന്നതടക്കമുള്ല ജോലികൾക്കായി 13 ഡെപ്യൂട്ടി തഹസിൽദാർമാർ, 13 റവന്യൂ ഇൻസ്പെക്ടർമാർ, 15 ക്ലർക്കുമാർ എന്നിവരടക്കം 41 ജീവനക്കാരെ ജില്ലാ കളക്ട്റേറ്റിലേക്കും ദേവികുളം താലൂക്ക് ആഫീസിലേക്കും നിയോഗിച്ച് ലാൻഡ് റവന്യൂ കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. 45 ദിവസത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. 1998ൽ ഒമ്പത് വില്ലേജുകളിലായി 530 പേർക്കാണ് ദേവികുളം അഡീഷനൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയം നൽകിയത്. എന്നാൽ ഇതിൽ പല പട്ടയങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു. ഇത് കണ്ടെത്തുകയാണ് ആദ്യപടി. ഇതിന് ശേഷം 530 പേരെയും നോട്ടീസ് നൽകി ഹിയറിംഗിന് വിളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടയം റദ്ദാക്കണോ പുതുക്കി നൽകണോയെന്ന് ജില്ലാ കളക്ടർ തീരുമാനിക്കുക. ജനുവരി 19നാണ് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ജില്ലാ കളക്ടർക്ക് അഡീ. ചീഫ് സെക്രട്ടറി നൽകുന്ന ഉത്തരവിൽ പറയുന്നത്. എന്നാൽ ഉത്തരവിറങ്ങി 20 ദിവസം പിന്നിട്ടിട്ടും ഹിയറിംഗ് നടപടികൾ ആരംഭിക്കാത്തതിൽ പട്ടയം കൈവശമുള്ള സാധാരണക്കാർക്ക് ആശങ്കയുണ്ട്. പട്ടയ ഭൂമിയിൽ കൃഷിക്കും വീടിനുമല്ലാതെ വ്യാവസായിക ആവശ്യങ്ങൾക്കായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, പട്ടയ അപേക്ഷ തള്ളാനും അധികൃതർക്കു കഴിയും. എന്നാൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവന മാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. ഒപ്പം ജില്ലയുടെ പുറത്ത് നിന്നടക്കമുള്ള വമ്പൻമാരുടെ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരം അടയ്ക്കാനും നിർമാണ പ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും. 1971ന് മുമ്പ് കുടിയേറിയവർക്കാണ് 1964ലെ ഭൂപതിവ് ചട്ട പ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്. പട്ടയം റദ്ദാക്കപ്പെടുന്നവർ 1971ന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയം ഈടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്.
രവീന്ദ്രൻ പട്ടയം എന്ത്?
1998ലാണ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രന് ദേവികുളം അഡീഷണൽ തഹസിൽദാറുടെ ചുമതല നൽകിയത്. പട്ടയവിതരണത്തിന്റെ അധിക ചുമതലയുമുണ്ടായിരുന്നു രവീന്ദ്രന്. പട്ടയം ഒപ്പിട്ട് നൽകാനുള്ള അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. എന്നാൽ ജില്ലാ കളക്ടറുടെ ഈ ഉത്തരവ്, സ്റ്റാറ്റിയൂട്ടറി റഗുലേറ്ററി ഓർഡർ വഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റവന്യൂ വകുപ്പിനായില്ല. ഇതോടെ രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങളെല്ലാം ഇതോടെ ചട്ടവിരുദ്ധമായി.
'ഹിയറിംഗ് തീയതി തീരുമാനിച്ചിട്ടില്ല. ഈ മാസം തന്നെയുണ്ടാകും. ഏതൊക്കെ പട്ടയങ്ങളാണ് റദ്ദാക്കേണ്ടതെന്നും ഏതൊക്കെയാണ് പുതുക്കി നൽകേണ്ടതെന്നും സംബന്ധിച്ച് മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടില്ല"
-ഷീബാ ജോർജ് (ജില്ലാ കളക്ടർ)