ajithkumar

നെടുങ്കണ്ടം: അദ്ധ്യാപന വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം കൃഷിയിൽ പുതിയ പാഠങ്ങൾ പകർന്ന് നൽകുകയാണ് പുഷ്പകണ്ടം സ്വദേശിയായ പി. അജിത്കുമാർ. നാണ്യവിളകളും പഴവർഗങ്ങളും പച്ചക്കറികളും പൂച്ചെടികളും എല്ലാം
ഇദേഹത്തിന്റെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു. സമ്മിശ്ര കൃഷിയിൽ ആധുനീക രീതികൾ അവലംബിച്ചാണ് അജിത്കുമാർ കൃഷി ചെയ്യുന്നത്
18 ഇനം മാവുകൾ, വെൽവറ്റ് ആപ്പിൾ, മങ്കോസ്റ്റിൻ, ബറാബ, ലിച്ചി, മുന്തിരി, പാഷൻ ഫ്രൂട്ട്, തുടങ്ങി നാൽപ്പത് ഇനം പഴവർഗങ്ങൾ, വിവിധ ഇനം വാഴകൾ എന്നിങ്ങനെ ഒരു പഴ വർഗ തോട്ടമാണ് ഇവിടം.സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള അജിത്കുമാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം പൂർണ്ണമായും കൃഷിയിലേയ്ക്ക് തിരിഞ്ഞു. വീട്ടിലേയ്ക്ക് ആവശ്യമായ മുഴുവൻ പച്ചക്കറികളുംസ്വന്തം കൃഷിയിടത്തിൽനിന്ന് തന്നെ ഉത്പാദിപ്പിക്കുന്നു. ഒറ്റ ഇനം വിള കൃഷി ചെയ്യാതെ, സമ്മിശ്ര കൃഷിരീതിയാണ് ഇദേഹം അവലംബിച്ചിരിക്കുന്നത്
ഏലം, കുരുമുളക്, ജാതി, വാനില തുടങ്ങിയ നാണ്യവിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ബഡിംഗ്, ഗ്രാഫ്ടിംഗ് രീതികളിലൂടെ മികച്ച പ്രതിരോധ ശേഷിയും വിളവും നൽകുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കും. ചേമ്പ്, ചേന, കാച്ചിൽ, കപ്പ തുടങ്ങിയവയും ഇവിടെയുണ്ട്.. സമ്മിശ്ര കൃഷി അവലംബിയ്ക്കുമ്പോൾ, ഒരു വിള നഷ്ടത്തിലാണെങ്കിലും മറ്റ് വിളകൾ കർഷകന് ലാഭം സമ്മാനിക്കുമെന്ന് അജിത്കുമാർ പറയുന്നു.
വലിയ,പടുതാകുളം ഒരുക്കിയാണ് മീൻ കൃഷി നടത്തുന്നത്. രോഹു, കട്‌ല, ഗോൾഡ്ഫിഷ് തുടങ്ങിയ ഇനങ്ങളിൽ പെട്ട രണ്ടായിരത്തോളം മീനുകൾ ഇവിടെയുണ്ട്. മീൻ കുളത്തിൽ നിന്നും പുറം തള്ളുന്ന വെള്ളം ശുദ്ധീകരിച്ചാണ് കൃഷികൾക്ക് ഉപയോഗിക്കുന്നത്. കൃഷിയിടത്തിലെ മുഴുവൻ മേഖലകളിലും വെള്ളം എത്തുന്ന തരത്തിലുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.
കന്നുകാലികളെ പരിപാലിയ്ക്കാതെ കൃഷി പൂർണ്ണമാവില്ല എന്നാണ് അജിത്കുമാറിന്റെ അഭിപ്രായം. മികച്ച ബ്രീഡുകളിൽപെട്ട പശുക്കളെയാണ് ഇവിടെ പരിപാലിയ്ക്കുന്നത്. ഉന്നത ഗുണമേന്മയുള്ള കുരുമുളക്, ജാതി തുടങ്ങിയവയുടെ തൈകൾ, കുറഞ്ഞ നിരക്കിൽ കർഷകരിലേയ്ക്ക് എത്തിയ്ക്കാനും കൃഷി പാഠങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് നൽകാനുമുള്ള തയ്യാറെടുപ്പിലാണ്, ഈ റിട്ട. അദ്ധ്യാപകൻ.