തൊടുപുഴ:ഖാദി മേഖലയിലെ വിൽപ്പന വർദ്ധനവ് ലക്ഷ്യമിട്ട് ഉത്സവകാലങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് നൽകി വരുന്നതിന്റെ ഭാഗമായി സർവ്വോദയ പക്ഷം പ്രമാണിച്ച് 9 മുതൽ 14 വരെ 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമസൗഭാഗ്യയിൽ സർവ്വോദയ പക്ഷം ഖാദിവിൽപ്പനമേള നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രൊജക്ട് ഓഫീസർ ഇ.നാസർ അദ്ധ്യക്ഷനായി. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമസൗഭാഗ്യക്ക് പുറമെ മാതാ ഷോപ്പിംഗ് ആർക്കേഡ്, കട്ടപ്പന പഴയ പഞ്ചായത്ത് ബിൽഡിംഗ് എന്നിവിടങ്ങളിൽ ഈ ആനുകൂല്യം ലഭ്യമാണ്. സർക്കാർ, അർദ്ധസർക്കാർ, സഹകരണ മേഖലയിലെ ജീവനക്കാർ ബുധനാഴ്ച ദിവസങ്ങളിൽ ഖാദി ധരിക്കണമെന്ന സർക്കാർ നിർദേശം ഈ അവസരത്തിൽ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസർ അഭ്യർത്ഥിച്ചു.