ചെറുതോണി: കെ.എസ്.ഇ.ബിയുടെ സ്റ്റോറിൽ നിന്ന് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ സാധനങ്ങൾ ആക്രിക്കടയിൽ വിറ്റതായി ആക്ഷേപം. ഉടുമൽപേട്ട- മൂലമറ്റം 220 കെ.വി ലൈനിന്റെ ഇൻസുലേറ്റർ മാറ്റി പോളിമർ ഇൻസുലേറ്റർ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് കരാർ നൽകിയിരുന്നു. ഇതിലേയ്ക്കായി കൊണ്ടുവന്ന പോളിമർ ഇൻസുലേറ്ററിന്റെ ഹാർഡ് ബോർഡ് കവറുകളാണ് ആക്രിക്കടയിൽ വിറ്റത്. കിലോയ്ക്ക് 15 രൂപ വില ലഭിക്കുന്ന ഒന്നര ടൺ ഹാർഡ്‌ബോർഡാണ് വിൽപന നടത്തിയത്. ബോർഡിന്റെ വാഹനത്തിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ചെറുതോണിയിലുള്ള ആക്രികടയിൽ വിറ്റതായാണ് ആക്ഷേപം ഉയരുന്നത്. കെ.എസ്.ഇ.ബിയുടെ സ്റ്റോറിൽ നിന്നോ ഓഫീസിൽ നിന്നോ സാധനങ്ങൾ വിൽക്കുന്നത് ക്വട്ടേഷൻ ക്ഷണിച്ച് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്നാണ് നിയമം. പഴയ ഇരുമ്പുകൾ, പോസ്റ്റുകൾ, അലുമിനിയം കമ്പികൾ എല്ലാം ലേലം വിളിച്ച് കൂടുതൽ തുക നൽകുന്ന കരാറുകാരനാണ് കരാർ നൽകുന്നത്. ഇപ്പോഴും ആക്രിസാധനങ്ങൾ വിൽക്കുന്നത് കരാറിലൂടെയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ വിറ്റവർക്കെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നു.
ആക്ഷേപം അടിസ്ഥാനരഹിതമെന്ന്
'പോളിമർ ഹാർഡ്‌ബോർഡ് കെ.എസ്.ഇ.ബിയുടെ സ്‌ക്രാഫ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതല്ല. സ്റ്റോറിൽ എലിശല്യവും പൊടിയും നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യത്തിലാണ് അവ വെളിയിൽ ഉപേക്ഷിച്ചത്. ഇവ കരാർജീവനക്കാർ കൊണ്ടുപോയി വിറ്റതാണ്. കരാറുകാരന്റെ വാഹനത്തിലാണ് ഇവ ഒഴിവാക്കിയത്."
കെ. അനീഷ്
അസി. എൻജിനിയർ