തൊടുപുഴ: ഒന്നര വർഷത്തിലേറെയായി തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന് ശാപമോഷം. സ്റ്റാൻഡിലെ റോഡ് നഗരസഭ നാളെ ടാർ ചെയ്യാൻ ആരംഭിക്കും. 14 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. സ്റ്റാൻഡിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഇവിടെ പൊടി ശല്യം രൂക്ഷമാണ്. മഴക്കാലമായാൽ കുഴികളിൽ ചെളി വെള്ളം കെട്ടിക്കിടന്ന് ബസുകൾ എത്തുമ്പോൾ യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് വലിയ ദുരിതമായിരുന്നു. കിഴക്കൻ മേഖലകളിലേക്കുള്ള എല്ലാ ബസുകളും കയറി ഇറങ്ങുന്ന ബസ് സ്റ്റാൻഡിനാണ് ഈ ദുരവസ്ഥ. ജില്ലാ ആശുപത്രിയിലും ജില്ലാ ആയുർവേദ ആശുപത്രിയിലും ജില്ലാ മൃഗാശുപത്രിയിലും ന്യൂമാൻ കോളജ് ഉൾപ്പെടെ ഉള്ള വിവിധ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങളുമായി എത്തുന്ന നൂറുകണക്കിന് യാത്രക്കാരാണ് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ പ്രധാനമായും എത്തുന്നവർ. കൂടാതെ മറ്റ് റൂട്ടുകളിൽ പോകേണ്ട യാത്രക്കാർ ബസ് ഇറങ്ങി അടുത്ത ബസ് കാത്തു നിൽക്കുന്നതും ഇവിടെയാണ്. നേരത്തെ എല്ലാ വർഷവും ബസ് സ്റ്റാൻഡ് റീടാർ ചെയ്ത് കുഴികൾ അടയ്ക്കുന്നതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇത് ഉണ്ടായില്ല. ആകെ ചെയ്തത് കുഴികളിൽ കുറെ പാറമക്ക് ഇട്ടത് മാത്രമാണ്.

ഇവിടെയുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സും ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനായിട്ടില്ല. ബസ് സ്റ്റാൻഡിലെ അസൗകര്യങ്ങൾ പല തവണ നഗരസഭ അധികൃതർക്ക് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും അലംഭാവം തുടരുന്ന നഗരസഭ നടപടിക്കെതിരെ വ്യാപാരികളടക്കം രംഗത്ത് വന്നിരുന്നു. ഇതെ തുടർന്നാണ് നഗരസഭ അടിയന്തരമായി സ്റ്റാൻഡ് ടാർ ചെയ്യാൻ തീരുമാനിച്ചത്.

'ടാറിംഗ് ആരംഭിക്കുന്ന സാഹചര്യത്തിൽ 10 ദിവസത്തേയ്ക്ക് സ്റ്റാൻഡിൽ ഒരു വാഹനവും പ്രവേശിക്കരുത്. നിലവിൽ ഏതെങ്കിലും വാഹനങ്ങൾ സ്റ്റാൻഡിനടുത്ത് കിടക്കുന്നുണ്ടെങ്കിൽ ഇന്ന് തന്നെ സ്റ്റാൻഡിൽ നിന്ന് എടുത്ത് മാറ്റേണ്ടതാണ്.

സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളും പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരും ആശ്രയിച്ചിരുന്ന ടോയ്‌ലറ്റും ടാറിംഗ് തീരുന്ന മുറയ്ക്ക് പ്രവർത്തന സജ്ജമാക്കും"

- തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്