
തൊടുപുഴ: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നടപടികൾ രാജ്യദ്രോഹമാണെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി. എൽ.ഐ.സി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി സംരക്ഷണം ദിനം ആചരിച്ചു. തൊടുപുഴ എൽ.ഐ.സി ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ.കെ. അനിൽകുമാർ, എം.കെ. റഷീദ്, ജി. രമേഷ്, ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു. കട്ടപ്പന എൽ.ഐ.സി ഓഫീസ് പടിക്കൽ നടന്ന ധർണ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജൻ സംസാരിച്ചു. മേഖലാ കൺവീനർ ഷെരീഫ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം എൽ.ഐ.സി ആഫീസ് പടിക്കൽ നടന്ന ധർണയിൽ മേഖലാ സെക്രട്ടറി ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ ചിന്താമോൾ പി.എസ്, പ്രസാദ് പി.കെ എന്നിവർ സംസാരിച്ചു.