pazhayamattam
പഴയമറ്റം കരിങ്കുന്നം റൂട്ടിൽ മിറ്റലും ടാറിംഗും ഇളകിയ ഭാഗം

മുട്ടം: പഴയമറ്റം - ഒറ്റല്ലൂർ - കരിങ്കുന്നം റൂട്ടിലെ അപകടകരമായ കുഴികൾ നികത്താൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഴയമറ്റം പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഒറ്റല്ലൂർ പാലത്തിന് സമീപത്തും മറ്റ് ചിലയിടങ്ങളിലും ടാറിംഗും മിറ്റലും ഇളകി റോഡിൽ വലിയ ഗർത്തങ്ങളാണുണ്ടായിരിക്കുന്നത്. മഴ ശക്തമായാൽ ടാറിങ്ങും മിറ്റലും കൂടുതൽ ഇളകാൻ സാധ്യത ഏറെയാണ്. ചെറുതും വലുതുമായ അനേകം വാഹനങ്ങളാണ് നിത്യവും ഇത്‌ വഴി കടന്ന് പോകുന്നത്. ഇടുക്കി -മൂലമറ്റം- മുട്ടം ഭാഗത്ത് നിന്ന് തൊടുപുഴ നഗരത്തിൽ എത്താതെ കരിങ്കുന്നം ഭാഗത്തേക്ക്‌ എളുപ്പത്തിൽ സഞ്ചരിക്കാവുന്ന റൂട്ടും ഇതാണ്. ഈ റൂട്ടിലൂടെ രാത്രി സമയങ്ങളിൽ കടന്ന് വരുന്നവരുടെയും പരിചയം ഇല്ലാത്തവരുടെയും വാഹനനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. തൊട്ടടുത്ത് എത്തുമ്പോഴാകും കുഴികൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുക. ഗട്ടറിൽ വീഴാതിരിക്കാൻ മുന്നിൽ പോകുന്ന വാഹനങ്ങൾ പെട്ടന്ന് ബ്രേക്ക് ഇടുമ്പോൾ പിന്നിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവ് സംഭവങ്ങളാണെന്ന് പറയുന്നു. വിവിധ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.