തൊടുപുഴ: മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണി നൽകിയ വാക്ക് പാലിച്ചു, കുട്ടി ക്ഷീരകർഷകൻ മാത്യു ബെന്നിയുടെ പശുക്കൾക്ക് ഇനി സുഖമായി അന്തിയുറങ്ങാം. മാത്യുവിന്റെ ഏറെ നാളായുള്ള ആഗ്രഹമായ ആധുനിക തൊഴുത്തിന്റെ നിർമാണം പൂർത്തിയായി. മന്ത്രിയുടെ നിർദേശപ്രകാരം മിൽമയാണ് തൊഴുത്ത് നിർമിക്കാൻ ധനസഹായം വാഗ്ദാനം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 12ന് അറക്കുളം ക്ഷീരസഹകരണ സംഘത്തിൽ മിൽമ ചെയർമാൻ ജോൺ തെരുവത്തിന്റെ സാന്നിധ്യദ്ധ്യത്തിൽ മന്ത്രി റോഷി അഗസ്റ്റ്യൻ ധനസഹായം കൈമാറും.
ക്ഷീരകർഷകനായ പിതാവ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 14 പശുക്കളുടെ ചുമതല ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരള കൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. വിശേഷം തിരക്കിയ മന്ത്രി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. തൊഴുത്തിന്റെ പൂർത്തിയാക്കിയതിനെ തുടർന്ന് മിൽമ വാഗ്ദാനം ചെയ്ത ഒന്നര ലക്ഷം രൂപയുടെ ഇന്ന് കൈമാറുന്നത്. 2020 ഒക്ടോബറിലാണ് ബെന്നി മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്. പ്രായമായ അച്ഛനെയും മൂന്ന് മക്കളെയും നോക്കുന്നതിനൊപ്പം ബെന്നിയില്ലാതെ പശുപരിപാലനം ഷൈനിക്ക് ബുദ്ധിമുട്ടായി. പുല്ല് വെട്ടുന്നതും പാല് കറക്കുന്നതും മറ്റും ബെന്നിയുടെ ഭാര്യ ഷൈനിക്ക് പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതോടെ മാത്യുവിന് ഏറെ സങ്കടമായി. പശുക്കളെ കൊടുക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും അവൻ അമ്മയോട് പറഞ്ഞു. മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു. പിന്നീട് പശുക്കൾക്കൊപ്പം കുടുംബത്തിന്റെ ഭാരം കൂടി ഈ 13 കാരൻ ഏറ്റെടുത്തു. പിതാവ് ബെന്നി മരിക്കുമ്പോൾ 10 പശുക്കളാണുണ്ടായിരുന്നത്. ഇപ്പോഴത് 14 ആയി. സഹോദരങ്ങളായ ജോർജും റോസ്‌മേരിയും മാത്യുവിനെ സഹായിക്കാനുണ്ട്.