 രണ്ടാം നൂറുദിന കർമപരിപാടിയിൽ സത്രം എയർസ്ട്രിപ്പും

പീരുമേട്: ഇടുക്കിയിലെ മലമടക്കുകൾക്കിടയിൽ അടുത്ത മാസം വിമാനം പറന്നിറങ്ങും. വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് നിർമാണം പൂർത്തിയാകുന്ന എൻ.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പിൽ മറ്റ് തടസങ്ങളൊന്നുമില്ലെങ്കിൽ മാർച്ച് പകുതിയോടെ ട്രയൽ റൺ നടക്കും. ഡൽഹിയിൽ നിന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥർ എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനമിറക്കിയാണ് ട്രയൽ റൺ നടത്തുക. ഇതിന് ശേഷം ഒരു മാസത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ എയർസ്ട്രിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾക്കൊള്ളിച്ചതോടെയാണ് പദ്ധതി വീണ്ടും പറന്നുയർന്നത്. കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചില പരിസ്ഥിതി സംഘടനകളുടെ പരാതിയും സ്ഥലമേറ്റെടുക്കുന്നതിനുള്ല സാങ്കേതിക തടസങ്ങളും കാരണം നീണ്ടുപോവുകയായിരുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്.

റൺവേ,​ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങർ എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. റൺവേയ്ക്ക് സമാന്തരമായി ഷോൾഡർ ടാറിംഗ് പുരോഗമിക്കുകയാണ്. ഷോൾഡർ ലൈറ്റിംഗ് കൂടി ഇനി സ്ഥാപിക്കണം. എയർസ്ട്രിപ്പിലേക്കെത്തുന്ന വണ്ടിപ്പെരിയാർ- സത്രം മൺറോ‌ഡ് ടാർ ചെയ്യേണ്ടതുണ്ട്. വൈദ്യതിയും കുടിവെള്ളത്തിനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു കുഴൽക്കിണർ കൂടി ഇനി നിർമിക്കും. എയർസ്ട്രിപ്പിലേക്ക് സ്വാഗതമെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം ആർച്ച് സ്ഥാപിക്കും. ഈ പണികളെല്ലാം വിചാരിച്ച പോലെ തീർത്താൽ അടുത്ത മാസം 15ന് ട്രയൽ റൺ നടത്താനാകും. എയർസ്ട്രിപ്പിന്റെ ഇതുവരെയുള്ള നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് വിഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയർസ്ട്രിപ്പ് നിർമിക്കുന്നത്.

എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്‌സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും.

1000 കേഡറ്റുകൾക്ക് പരിശീലനം

പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാകും ഈ എയർസ്ട്രിപ്പ്. ഇതിൽ 200 കുട്ടികൾക്ക് ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.

കൂടുതൽ പദ്ധതികൾ ആലോചനയിൽ

എയർസ്ട്രിപ്പിനോടനുബന്ധിച്ച് 20 ഏക്കർ കൂടി ഏറ്റെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇവിടെ ഒരു ഹെലിപ്പാഡ് സ്ഥാപിക്കും. എന്തെങ്കിലും ദുരന്തമുണ്ടായാലോ കാട്ടുതീ കെടുത്താനോ ഹെലികോപ്ടർ ഉപയോഗിക്കാം. ശബരിമല കേന്ദ്രമാക്കി തീർത്ഥാടക ടൂറിസത്തിനും ഇത് ഉപയോഗിക്കാം.