സ്ഥിരം ജീവനക്കാർ 25
താത്കാലിക ജീവനക്കാർ 6
കണ്ടിജന്റ് വർക്കേഴ്‌സ് 9
ആവശ്യപ്പെട്ട പുതിയ തസ്തികകൾ 15
കട്ടപ്പന :നഗരസഭയിലെ ദൈനംദിന പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തിയാക്കാനായി കൂടുതൽ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കണമെന്ന നിർദ്ദേശം കൗൺസിൽ തള്ളി.അധിക സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാണിച്ചാണ് പുതിയ തസ്തികൾ വേണ്ടന്ന തീരുമാനം ഭരണ സമിതി കൈക്കൊണ്ടത്. സൂപ്രണ്ട് 1 , റവന്യൂ ഇൻസ്‌പെക്ടർ 1, സീനിയർ ക്ലർക്ക് 3 , ജൂനിയർ ക്ലർക്ക് 5, ഓഫീസ് അറ്റൻഡന്റ് 1, ഹെൽത്ത് സൂപ്പർ വെസർ 1 , ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 1, ലൈബ്രേറിയൻ 1, ഡ്രൈവർ 1 എന്നീ തസ്തികകൾ സൃഷ്ടിക്കണമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം സെക്രട്ടറി കൗൺസിലിൽ അറിയിച്ചത്.കൗൺസിൽ തീരുമാനത്തിനൊപ്പം തസ്തികകളുടെ പ്രൊപ്പോസൽ തയ്യാറാക്കി ഈ മാസം 15 ന് മുൻപായി നൽകാൻ നഗര കാര്യ ഡയറ്ക്ടർ നിർദ്ദേശം നൽകിയിരുന്നു.ഇതേ തുടർന്നാണ് വ്യാഴാഴ്ച്ച അടിയന്തിര കൗൺസിൽ യോഗം ചേർന്നത്. പുതിയ തസ്തികകൾ രൂപീകരിച്ചാൽ ശമ്പളയിനത്തിൽ 3,18,300 രൂപയാണ് നഗരസഭാ മാസം തോറും ചെലവാക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തനത് ഫണ്ടിൽ നിന്നും ഇത്രയും വലിയ തുക വിനിയോഗിച്ചാൽ ഭാവിയിലെ മറ്റ് പദ്ധതികൾ ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം നഗരസഭയെ ദോഷകരമായി ബാധിക്കുമെന്ന് ഭരണ സമിതി കൗൺസിലിൽ വിശദമാക്കി.
• എതിർപ്പ് ,തുടർന്ന് പ്രതിഷേധം
പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടന്ന കൗൺസിൽ തീരുമാനത്തിനെതിരെ ജീവനക്കാർ രംഗത്ത് വന്നു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ച ജീവനക്കാർ പിന്നീട് ഒന്നര മണിക്കൂറോളം ജോലി നിർത്തി വച്ച് പ്രതിഷേധിച്ചു. മൂന്നാം ഗ്രേഡിൽ ഉൾപ്പെടുന്ന കട്ടപ്പന നഗരസഭയിൽ ഇപ്പോഴും പഞ്ചായത്തുകളിലെ തസ്തിക വിന്യാസമാണുള്ളത്.ജീവനക്കാരുടെ കുറവ് മൂലം രണ്ട് കോടിയിലധികം രൂപ ഇപ്പോഴും നികുതിയായി പിരിഞ്ഞു കിട്ടാനുണ്ടെന്നും ജീവനക്കാർ പറയുന്നു.നികുതി പിരിയ്ക്കുന്ന ബിൽ കളക്ടറുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.യു ഡി സി തസ്തികയിലുള്ളയാളുകൾക്കടക്കം അമിത ജോലി ഭാരമാണെന്നും ജീവനക്കാർ ആക്ഷേപമുന്നയിക്കുന്നുണ്ട്. കൂടുതൽ തസ്തിക സൃഷ്ടിച്ചെങ്കിൽ മാത്രമേ രണ്ടാം ഗ്രേഡ് നഗരസഭകളുടെ വിഭാഗത്തിലേയ്ക്ക് കട്ടപ്പനയ്ക്ക് എത്താൻ കഴിയുവെന്നും ജീവനക്കാർ വ്യക്തമാക്കി.
• കൗൺസിൽ തീരുമാനം ശരിയല്ലെന്ന് പ്രതിപക്ഷം
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടന്ന ഭരണസമിതിയെടുത്ത തീരുമാനം ശരിയല്ലെന്ന് പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ.ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടി അടിയന്തിരമായി ആവശ്യമായ തസ്തികകൾ രൂപീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
'പുതിയ തസ്തികകൾ സൃഷ്ടിച്ചാൽ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകും , ഇപ്പോഴുള്ള ജീവനക്കാരെ ഉപയോഗിച്ച് നൂറ് ശതമാനവും നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സാധിച്ചിരുന്നു.'
ബീനാ ജോബി നഗരസഭാ ചെയർപേഴ്‌സൺ