കേരളകൗമുദി 111 ആം വർഷത്തിലേക്ക് കടക്കുന്നത് നാലു തലമുറയിലൂടെയാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ പത്രം എന്നതിനൊപ്പം വിശ്വാസ്യത നിലനിറുത്തിയാണ് കേരളത്തിനകത്തും പുറത്തുമായി പത്തു എഡീഷനുകളോടെ ജനമനസുകളിൽ കേരളകൗമുദി ചിര പ്രതിഷ്ട നേടിയത്. പത്രത്തിന് പുറമേ ദൃശ്യമാദ്ധ്യമ രംഗത്തും ഓൺലൈൻ രംഗത്തും സജീവ സാന്നിദ്ധ്യമാകാനും കഴിയുന്നു. മയ്യനാട് എത്തിയ ഗുരദേവൻ പ്രിയശിഷ്യനായ സി.വി. കുഞ്ഞുരാമനോട് ചോദിച്ചു. 'നമുക്കും വേണ്ടേ കുഞ്ഞുരാമ ഒരു പത്രം.' ഗുരദേവന്റെ ഈ വാക്കുകളിൽ നിന്നാണ് കേരളകൗമുദിയുടെ പിറവി. ഗുരദേവ ദർശനങ്ങൾ പ്രചരിപ്പിക്കാനും പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാനും പത്രം ആരംഭിക്കാൻ സി.വി. കുഞ്ഞുരാമൻ തീരുമാനിച്ചു. ഈഴവരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാലയ, ഉദ്യോഗ പ്രവേശനം, പ്രജാസഭാ പ്രാതിനിദ്ധ്യം തുടങ്ങിയ ആവശ്യങ്ങൾ നിറഞ്ഞതായിരുന്നു കേരളകൗമുദിയുടെ ആദ്യലക്കം. ആദ്യഘട്ടത്തിൽ ബുധനാഴ്ച തോറുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇടയ്ക്ക് വ്യാഴാഴ്ചകളിലും ഞായറാഴ്ച പതിപ്പായും ഇറങ്ങി. 40 വർഷങ്ങൾക്ക് ശേഷം സി. വി. കുഞ്ഞുരാമന്റെ മകൻ കെ. സുകുമാരൻ പത്രാധിപരായിരിക്കമ്പോഴാണ് കേരളകൗമുദി ദിനപത്രമായത്. കേരളകൗമുദിയുടെ ആദ്യലക്കം പോലെ തന്നെ 111ാം വയസിലും പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശം നിഷേധിക്കപ്പെടമ്പോഴെല്ലാം കേരളകൗമുദി അഗ്‌നിജ്വാലയായി കത്തിപ്പടരുന്നു. ഒപ്പം വായനക്കാരന്റെ അഭിരുചികൾക്ക് അനുസരിച്ചുള്ള വാർത്തകളും വിജ്ഞാനം സമ്മാനിക്കുന്ന വിവരങ്ങളുമായാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. മലയാളത്തിൽ ശതാബ്ദി പിന്നിട്ട മൂന്നാമത്തെ പത്രമായ കേരളകൗമുദിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന മൻ മോഹൻ സിംഗായിരുന്നു. നൂറ്റിപ്പതിനൊന്ന് വർഷത്തെ പാരമ്പര്യം വായനക്കാരന്റെ മനസിൽ വിശ്വാസത്തിന്റെ വിളക്കുമരമായും മാറുകയാണ്.

സി.വി .കുഞ്ഞിരാമൻ ശൈലി വല്ലഭനെങ്കിൽ കെ.സുകുമാരൻ ഇന്നും പത്രാധിപർ എന്ന പേരിൽ അറിയപ്പെടുന്നു .കെ. സുകുമാരൻ അന്തരിച്ചിട്ട് നാൽപ്പത് വർഷം കഴിഞ്ഞു. . ഏറെ പ്രചാരമുള്ള പത്രങ്ങളടേതടക്കം മൺമറഞ്ഞ നിരവധി പത്രാധിപന്മാർ കേരളത്തിൽ ഉണ്ടായിട്ടും 'മരണമില്ലാത്ത ഏക പത്രാധിപർ' എന്ന ചോദ്യത്തിന് കെ.സുകുമാരൻ എന്ന ഉത്തരം മാത്രമേ കേരളത്തിന് ഇന്നും നൽകാനുള്ളൂ.
മരണത്തോടെ വിസ്മൃതിയിലാകാതെ കാലാതിവർത്തിയായി നിൽക്കുന്നവരാണ് മഹാന്മാർ. ഒരാളുടെ ജന്മം പുണ്യമാകുന്നത് മരണശേഷവും ജനങ്ങൾ ഓർമിക്കമ്പോഴാണ്. കേരളത്തിൽ ഇങ്ങനെ ഓർമിക്കപ്പെടുന്നത് കെ.സുകുമാരൻ മാത്രമാണ് .
ഒരു സ്ഥാപനത്തിന്റെ വളർച്ചയിലെ പ്രധാന ഘടകം മൂലധനമാണെങ്കിൽ കേരളകൗമുദിയുടെ മൂലധനം കെ.സുകുമാരനാണ് .ഈ മൂലധനത്തിൽ നിന്നുള്ള ഊർജ്ജം നെഞ്ചിലേറ്റിയാണ് 111ആം വയസിലും കേരളകൗമുദി വളർന്ന് പന്തലിച്ചു നിൽക്കുന്നത്.
നാൽപ്പത്തൊന്നു വർഷത്തെ കെ.സുകുമാരന്റെ പത്രാധിപത്യം പത്രാധിപർ കേരളകൗമുദിയും കേരളകൗമുദി പത്രാധിപരുമായി മാറിയ സുവർണ കാലമാണ്. ഈ കാലം കേരളചരിത്രത്തിലെ നിർണായക കാലവുമായിരുന്നു . രാജ്യത്തിന്റെ വിശാല താത്പര്യ സംരക്ഷണത്തിനൊപ്പം പിന്നാക്ക സമുദായക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയും വാദിച്ചു വിജയിച്ച കാലം. ഒരു പത്രത്തിന് രാഷ്ട്രീയത്തിലും സമൂഹത്തിലും എത്ര ശക്തി ചെലുത്താൻ കഴിയുമെന്ന് കെ.സുകുമാരൻ കേരളത്തിന് കാട്ടിക്കൊടുത്തു. എല്ലാവരും പേടിക്കുന്ന, വിശ്വാസ്യതയുടെ പേരിൽ ബഹുമാനിക്കുന്ന പത്രമാക്കി കേരളകൗമുദിയെ മറ്റാനും കഴിഞ്ഞു . വാർത്തകൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും അവർക്ക് ഹിതമല്ലാത്ത വാർത്തകൾ കൊടുക്കുന്നത് പത്രധർമമല്ലെന്നും വിശ്വസിച്ചിരുന്ന പത്രാധിപർ തന്റെ വ്യക്തി താത്പര്യത്തിനായി ഒരിക്കലും കേരളകൗമുദിയെ ഉപയോഗപ്പെടുത്തിട്ടുമില്ല. സത്യസന്ധവും നിഷ്പക്ഷവും നിർഭയവുമായ ഒരു പത്ര പ്രവർത്തന ശൈലി കേരളത്തിന് സംഭാവന ചെയ്ത പത്രാധിപരും കെ.സുകുമാരൻ മാത്രമായിരുന്നു.

. കേരളകൗമുദി നാലാം തലമുറയിൽ എത്തിയിട്ടും പത്രാധിപരുടെ പാരമ്പര്യം നില നിറുത്തി ആ പാത പിന്തുടരുന്നതു കൊണ്ടാണ് ഇന്നും ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് അധികാര കേന്ദ്രങ്ങൾ അൽപ്പമെങ്കിലും താത്പര്യം കാട്ടുന്നത്. ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ് . പത്രാധിപർ ജീവിച്ചിരുന്ന കാലത്ത് ഇ.എം.എസിനെ വേദിയിലിരുത്തി സാമ്പത്തിക സംവരണത്തിനെതിരെ കെ.സുകുമാരൻ ചാട്ടുളി പ്രസംഗം നടത്തിയെങ്കിൽ അദ്ദേഹത്തിന്റെ കാലശേഷം ശിവഗിരിയിലെ പൊലീസ് ഇടപെടലിൽ കേരളകൗമുദിയുടെ വിമർശനം ഉൾകൊണ്ട് പത്രാധിപർ അനുസമരണ സമ്മേളനത്തിൽ അന്നു മുഖ്യമന്ത്രിയായിരുന്ന ഏ.കെ.ആന്റണി മാപ്പിരന്നതും ഒരു പത്രമെന്ന നിലയിൽ കേരളകൗമുദിയുടെ ശക്തി മനസിലാക്കിയായിരുന്നു
വ്യവസായ താത്പര്യത്തിനുപരി തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ മുറുകെ പിടിച്ചാണ് ഇന്നും കേരളകൗമുദി വ്യത്യസ്ത വിഷയങ്ങളിൽ പോരാടുന്നത്. പത്രാധിപർ ഉണ്ടാക്കിയ മേൽവിലാസം മൂലധനമാക്കി നിഷ്പക്ഷത,നിർഭയത, സത്യസന്ധത എന്നിവ മുഖമുദ്രയാക്കി മറ്റു പത്രങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നതും.