ഇടുക്കി: കോളേജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പൈനാവ് എഞ്ചിനീയറിഗ് കോളേജ് ഫെബ്രുവരി 14 മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കളക്ട്രേറേറ് കോൺഫറൻസ് ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമിയുടെയും സാന്നിദ്ധ്യത്തിൽ നടത്തിയ സർവകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ക്രമസമാധാന പരിപാലനത്തിന് വേണ്ട എല്ലാ സഹായവും സർക്കാരും ജില്ലാ ഭരണ കൂടവും നൽകുമെന്നും അതിനായി എല്ലാ പിന്തുണയും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി.
വിദ്യാർത്ഥികളുടെ മാനസികാവസ്ഥ ഗൗരവമായി കാണണം. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു വേണം ക്ലാസുകൾ ആരംഭിക്കുവാൻ. സംഘർഷങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് പഠിക്കാൻ സാധ്യമായ അന്തരീക്ഷം ഒരുക്കണം. പോലീസിന്റെ നിരീക്ഷണം ക്യാമ്പസിനു പരിസരങ്ങളിൽ ഉണ്ടാകണം. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്ന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉറപ്പു നൽകി.
സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ്, ഡി. സി. സി സെക്രട്ടറി എംഡി അർജുനൻ, കേരള കോൺഗ്രസ് (എം) പ്രതിനിധി ഷാജി ജോസഫ്, എ.ഡി.എം ഷൈജു പി ജേക്കബ്, ആർഡിഒ ഷാജി എം.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ കെജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, വാർഡ് മെമ്പർ രാജു ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ.ജലജ എം.ജെ, ഡിവൈഎസ് പി പയസ് ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, ഇടുക്കി തഹസീൽദാർ വിൻസെന്റ് ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യൻ, പിബി സബീഷ്, വിദ്യാർത്ഥിഅദ്ധ്യാപകപിടിഎ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ധീരജിന്റെ രക്തസാക്ഷിത്വം
ജനുവരി പത്തിനാണ് ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ( 21) കുത്തേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ കാമ്പസിനു പുറത്ത് കോളേജ് ഗേറ്റിന് സമീപമായിരുന്നു സംഭവം. രണ്ടു പേർക്ക് കത്തിക്കുത്തിൽ സാരമായി പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നിഖിൽ പൈലിയടക്കമുള്ള പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു.
"കോളേജിൽ സമാധാന അന്തരീക്ഷം ഒരുക്കാൻ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും സ്വാധീനവും ചെറുതല്ല. അവരുടെ ഉറപ്പാണ് ഇക്കാര്യത്തിൽ വേണ്ടത്. അദ്ധ്യാപകർ നേരിട്ട് തന്നെ മാതാപിതാക്കളെയും വിദ്യാർത്ഥികളെയും വിളിച്ചു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകണം. അന്വേഷണവും നിയമനടപടികളും അതിന്റെ വഴിയേ നടക്കും. കോളേജിലുണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് ക്യാമ്പസിനകത്ത് ഇനി ചർച്ച ഉണ്ടാകാതിരിക്കാൻ വിദ്യാർത്ഥി നേതാക്കളും വകുപ്പു മേധാവികളും പരമാവധി ശ്രമിക്കണം.
മന്ത്രി റോഷി അഗസ്റ്റ്യൻ