തൊടുപുഴ: രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടിണിയകറ്റാൻ 2005ൽ ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്രമോഡി സർക്കാർ ദയാവധത്തിന് വിധേയമാക്കിയിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങൾ മറന്നുപോയ നയപ്രഖ്യാപനമാണ് നടന്നതെന്ന് എം.പി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ പെട്രോൾ- ഡീസൽ വിലവർദ്ധനവിന് കാരണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അനിയന്ത്രിതമായ നികുതിയാണ്. ശാസ്ത്രീയമല്ലാത്ത ജി.എസ്.ടി നയവും നോട്ടു നിരോധനവും ഒപ്പം കോവിഡും രാജ്യത്തെ സാധാരണക്കാരെ പ്രത്യേകിച്ചും ചെറുകിട കച്ചവടക്കാർ കൃഷിക്കാർ തൊഴിലാളികൾ തുടങ്ങിയ മദ്ധ്യവർഗ്ഗത്തെയും താഴെത്തട്ടിലുള്ളവരെയും കടക്കെണിയിലാക്കി. കൊവിഡ് പ്രതിസന്ധിയിൽ ജനം വലിഞ്ഞ് മുറുകുമ്പോൾ ബാങ്കുകൾ ജപ്തി നടപടികളുമായി ഇടപാടുകാരെ പ്രതിസന്ധിയിലാക്കുകയാണ്. കടക്കെണിയും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ആത്മഹത്യചെയ്യുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കേരളത്തിൽ ആറ് മാസമായി കൂലി ലഭിക്കുന്നില്ല. ഈ പദ്ധതിക്കുള്ള തുക വകയിരുത്തൽ ബഡ്ജറ്റിൽ കുറച്ചത് ഈ പദ്ധതിയോടുള്ള സർക്കാരിന്റെ ചിറ്റമ്മ നയം വ്യക്തമാക്കുന്നു. ഉടനടി തൊഴിലാളികൾക്കുള്ള ദിവസ വേതനം വിതരണം ചെയ്യണമെന്നും എം,പി. ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കാർഷികമേഖലയിൽ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കേന്ദേസർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ് . എന്തെല്ലാം തെറ്റായ നയങ്ങൾ കാർഷിക ബില്ലിലൂടെ നടപ്പാക്കാൻ ഈ സർക്കാർ ശ്രമിച്ചുവോ അതെല്ലാം സമരത്തെ തുടർന്ന് അവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു. അവയെല്ലാം മറ്റൊരു തരത്തിൽ നടപ്പിലാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. വളത്തിന്റെ സബ്‌സിഡി കുറച്ചതുൾപ്പടെ നാണ്യവിളകളായ ഏലം, കുരുമുളക്, റബ്ബർ തുടങ്ങിയവക്ക് താങ്ങുവില പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. കഴിഞ്ഞ വർഷം ആസാമിനും പശ്ചിമബംഗാളിനുമായി തേയില പാക്കേജ് അനുവദിച്ചപ്പോൾ കേരളത്തിന് ഇപ്രാവശ്യം അനുവദിക്കുമെന്ന കേന്ദ്ര ധനകാര്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. പീരുമേടിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടെ നേരിടുന്ന പ്രശ്‌നങ്ങൾക്കും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും ആയി ബന്ധപെട്ട പ്രശ്‌നങ്ങൾക്കും പരിഹാരമായി തോട്ടം മേഖലയ്ക്കായി പാക്കേജ് അനുവദിക്കാത്തത് കേരളത്തോടുള്ള വിവേചനമാണെന്നും നന്ദിപ്രമേയത്തെ എതിർത്തു സംസാരിച്ച ഡീൻ കുര്യാക്കോസ് സഭയിൽ പറഞ്ഞു.