തൊടുപുഴ: കുതിച്ചുയർന്ന പച്ചക്കറി വിലകുറയുന്നതിന്റെ സൂചനകൾ വരുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. വേനൽ ശക്തമായതോടെ തമി ഴ്നാട്ടിൽ പച്ചക്കറി ഉത്പാദനം സാധാരണ നിലയിലേക്ക് എത്തിയതിനെ തുടർന്നാണ് വില കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു. ഇന്ധന വിലയിലുണ്ടായ അമിത വർദ്ധനവും തമിഴ് നാട്ടിലെ ഉത്പാദനക്കുറവും മൂലം പച്ചക്കറി വില കഴിഞ്ഞ രണ്ട് മാസത്തിനിടെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉയർന്നിരുന്നു. വില പൂർണ്ണമായും പഴയ നിരക്കിലേക്ക് എത്തിയിട്ടില്ലെങ്കിലും നേരിയ രീതിയിലെങ്കിലും വ്യത്യാസം ഉണ്ടായത് ജില്ലയിലെ സാധാരണക്കാർക്കും ഹോട്ടൽ - റെസ്റ്റോറന്റുകാർക്കും ആശ്വാസമായിട്ടുണ്ട്. മഴ മാറി വേനൽ ആരംഭിച്ചതോടെ ജില്ലയിൽ പച്ചക്കറി കൃഷി കൂടുതലായി ആരംഭിച്ചിട്ടുണ്ട്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് പയർ, വെള്ളരി, പടവലം, വെണ്ട, പാവൽ തുടങ്ങിയവ കൃഷി ചെയ്ത് വരുന്നത്. കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ ജലസേചന സൗകര്യം പ്രയാജനപ്പെടുത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്. കൃഷിഭവന്റെ സബ്സിഡിയോടെ മഴമറ കൃഷിയും ഗ്രോബാഗ്കൃഷിയും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ചെയ്യുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് സ്ഥലങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിക്ക് സബ്സിഡി നൽകുന്നതും നിരവധിപ്പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.എന്നാൽ മുരിങ്ങക്കായ്ക്ക് കിലോയ്ക്ക് 300 രൂപയും പച്ചമാങ്ങയ്ക്ക് 100 രൂപയും കാരറ്റിന് 80 രൂപയുമായി പഴയവിലയിൽ തുടരുകയാണ്.
വിലനിലവാരം..
പച്ചമുളക്- 100,
പാവയ്ക്ക- 50,
പച്ചപ്പയർ-60
, വെണ്ടയ്ക്ക-40,
തക്കാളി- 40,
ബീറ്റ്റൂട്ട്- 60
, കാബേജ്-50
, പടവലം- 40,
കോവയ്ക്ക- 40
, വെള്ളരിക്ക -30
, ചേന-40
, മത്തങ്ങ-40
കിഴങ്ങ്- 40
, സവാള-45
, ബീൻസ്-40