വിളവെടുക്കാൻ പാകമായിരിക്കെ വില കുറയുമോയെന്ന ആശങ്കയിൽ കർഷകർ.
കട്ടപ്പന: വിളവെടുപ്പ് സീസൺ എത്തിയപ്പോഴേയ്ക്കും കുരുമുളക് വിലയിലുണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ കർഷകരെ ആശങ്കയിലാക്കി.നിലവിലെ മാർക്കറ്റ് അനുസരിച്ച് 470 മുതൽ 480 രൂപ വരെയാണ് ഒരു കിലോ ഉണങ്ങിയ കുരുമുളകിനു കർഷകന് ലഭിക്കുന്ന വില. ഹൈറേഞ്ചിൽ പൊതുവേ ഉദ്പാദനം കുറഞ്ഞെങ്കിലും കഴിഞ്ഞ നവംബറിൽ കുരുമുളകിന് വലിയ രീതിയിൽ വില വർധിച്ചിരുന്നു.കിലോയ്ക്ക് 525 രൂപ വരെയാണ് ഉയർന്നത്.കൊവിഡ് രൂക്ഷമായതോടെ വീണ്ടും വില താഴേയ്ക്ക് പോകുകയായിരുന്നു.ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ വിളവെടുപ്പ് സീസണാണ്.ഉത്പന്നം വിറ്റഴിക്കാറാകുമ്പോഴേയ്ക്കും നിലവിലെ വില ഇനിയും താഴേയ്ക്ക് പതിക്കുമോയെന്ന ആശങ്കയാണ് കർഷകർ ഇപ്പോൾ പങ്കു വയ്ക്കുന്നത്.അതേസമയം വിലയിൽ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് കരുതി ഉത്പ്പന്നം വിൽക്കാതെ സൂക്ഷിച്ചു വച്ചവരും നിരവധിയാണ്.മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ വർധനവുണ്ടെങ്കിലും കനത്ത മഴയെ തുടർന്നുണ്ടായ രോഗ ബാധയിൽ ഉദ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ട്.അടുത്തിടെ അയ്യപ്പൻകോവിലിൽ ഇലകൾ കരിഞ്ഞുണങ്ങുന്ന അസുഖം കണ്ടെത്തിയതും ചെറുകിട കർഷകർക്ക് വെല്ലുവിളിയാണ്.
ഇറക്കുമതി വില്ലനായി
കൊച്ചി വിപണിയിൽ ഉണ്ടായ വിലയിടിവാണ് ഉദ്പാദന സീസണിൽ പൊതു വിപണിയിലും പ്രതിഫലിക്കുന്നത്.ജനുവരി ആദ്യവാരത്തിൽ മാത്രം 800 ഓളം രൂപയുടെ ഇടിവാണ് ക്വിന്റലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് പൊതു വിപണിയിലും വിലത്തകർച്ച നേരിടേണ്ടി വന്നത്.കുരുമുളക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇതും വിലയിടിയാൻ കാരണമാണ്.