മുള്ളാരിങ്ങാട്: കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. മുള്ളാരിങ്ങാട് ഇഞ്ചത്തൊട്ടി ഭാഗത്തിറങ്ങിയ ആന പുന്നമറ്റത്തിൽ സഹദേവൻ,ദാമോദരൻഎന്നിവരുടെ പുരയിടത്തിലെ തെങ്ങ്, വാഴ,കൊക്കോ, കാമുക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞയാഴ്ച്ച ഇല്ലി പ്ലാന്റേഷൻ ഭാഗത്ത്‌ ഇറങ്ങിയ ആന നീണ്ട പാറ വനത്തിലേയ്ക്ക് തിരികെ പോയതായിട്ടാണ് വനം വകുപ്പധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വ്യാഴാച്ച രാത്രി വീണ്ടും നാട്ടിലെത്തിയ ആന കൃഷി നശിപ്പിക്കയായിരുന്നു.അനക്കൂട്ടമായിട്ടല്ല എത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. ഒറ്റതിരിഞ്ഞെത്തിയ ആന തിരികെ വനത്തിലേയ്ക്ക് പോകാത്തതാണ് പ്രശ്നം. 36വർഷങ്ങൾക്ക് മുൻപ് ഇ വിടെ കാട്ടാന ശല്യം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ പിന്നീട് കാട്ടാന ശല്യം ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച്ച ആന നാട്ടിലിറങ്ങിയതോടെ പ്രദേശവാസികൾ വനം വകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കാട്ടാന ശല്യം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. കാട്ടാന ശല്യം തടയാൻ നടപടിവേണമെന്ന് വണ്ണപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രമേയം പാസ്സാക്കി വനം മന്ത്രി ഡി എഫ് ഒ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകി. എന്നാൽ ഇതിനിടയിൽ വനം വകുപ്പ് ആനയേ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിലാണ്.