തൊടുപുഴ: പഠനത്തിനൊപ്പം 16 പശുക്കളെ വളർത്തി ക്ഷീരമേഖലയിൽ വിസ്മയം സൃഷ്ടിച്ച കുട്ടികർഷകനു മിൽമയുടെ സ്‌നേഹോപഹാരം. എട്ടാംക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിക്കാണ് മിൽമ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിർമിക്കാൻ അനുവദിച്ചത്. ആനുകൂല്യവിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ക്ഷീരകർഷകനായ പിതാവ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 10 പശുക്കളുടെ ചുമതല ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരള കൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. വിശേഷം തിരക്കിയ മന്ത്രി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.മന്ത്രിയുടെ നിർദേശപ്രകാരം മിൽമയാണ് തൊഴുത്ത് നിർമിക്കാൻ ധനസഹായം ചെയ്തത്.
. അറക്കുളം ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ഷിബു ജോസഫ്, മേഖല യൂണിയൻ മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, സംഘം പ്രസിഡന്റ്‌ജോസ് ഇടവക്കണ്ടം , വൽസ സതീശൻ എന്നിവർ പ്രസംഗിച്ചു. പിന്നീട് മാത്യു ബെന്നിയുടെ വീട്ടിലെത്തി പശുക്കളെ പരിപാലിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.