ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ പി ജി രാജനാണ് തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികൾ കേട്ടത്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികൾ നേരിട്ടു കേൾക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായിട്ടാണ് അദാലത്ത് ചേർന്നത്.
ഇടുക്കി ബ്ലോക്കിന് കീഴിലെ വാഴത്തോപ്പ് പഞ്ചായത്തിൽ നിന്നാണ് പ്രധാനമായും പരാതിക്കാർ എത്തിയത് . ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് അദാലത്തുകൾ സംഘടിപ്പിച്ചു വരുന്നത്.
നിലവിൽ ജില്ലയിലെ 2 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഇതുവരെ അദാലത്ത് നടത്തിയിട്ടുള്ളത് . അദാലത്തുകൾക്ക് പുറമേ ഓംബുഡ്‌സ്മാനെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കുന്നതിനായി പൈനാവിൽ ഓഫീസും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.