തൊടുപുഴ: വ്യാപാരി സമൂഹത്തിന്റെ പോരാളി ടി. നസിറുദ്ദീൻ ഇടുക്കി ജില്ലയുമായി നല്ല ആത്മബന്ധമാണ് പുലർത്തിയിരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ പറഞ്ഞു. സംഘടനാ രംഗത്തും സമര മുഖത്തുമുള്ള അദ്ദേഹത്തിന്റെ നേതൃപാടവവും സൗമ്യതയും ശ്രദ്ധേയമാണ്. വ്യാപാരി സമൂഹത്തിനും സാധാരണക്കാർക്കും അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടമാണ്. അന്തരിച്ച മാരിയിൽ കൃഷ്ണൻ നായർ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ നസിറുദ്ദീൻ ജില്ലയിൽ സംഘടന പ്രവർത്തനത്തിന് എത്തിയ കാര്യം ഓർക്കുന്നു. എത് പരിപാടിക്ക് ക്ഷണിച്ചാലും എത്തുമായിരുന്നു. നാല് വർഷം മുമ്പ് മാരിയിൽ കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് തൊടുപുഴ വ്യാപാര ഭവൻ ഹാളിൽ നടന്ന ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നസിറുദ്ദീൻ അവസാനമായി ജില്ലയിലെത്തിയത്. അടിമാലിയിൽ മർച്ചന്റ്സ് അസോസിയേഷന് സ്വന്തമായി ഓഫീസ് മന്ദിരം നിർമ്മിച്ച കാലം മുതൽ അദ്ദേഹവുമായി നല്ല അടുപ്പവും സൗഹാർദ്ദവുമാണ് പുലർത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കാഞ്ഞങ്ങാട് പൂക്കുഞ്ഞ് സാഹിബ്ബിനൊപ്പം ജനറൽ സെക്രട്ടറിയായിരുന്ന നസിറുദ്ദീന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ജില്ലയിലെ വ്യാപാരികളുടെ പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാനും എത്തിയിരുന്ന കാര്യവും അദ്ദേഹം ഓർമിച്ചു. 1967ൽ വെള്ളത്തൂവലിൽ മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിച്ച് പ്രസിഡന്റായി സംഘടന പ്രവർത്തന രംഗത്തെത്തിയതാണ് കെ.എൻ. ദിവാകരൻ. 25 വർഷം അടിമാലി യൂണിറ്റിന്റെ പ്രസിഡന്റായി. 1985 മുതൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ട്. അഞ്ച് വർഷമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മൂന്ന് വർഷം മുമ്പ് സംസ്ഥാന സെക്രട്ടറിയുമായ ദിവാകരൻ പ്രായം കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗവുമാണ്.