 
തൊടുപുഴ: ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, ടീഷോപ്പ്, റിസോർട്ട്, ലോഡ്ജ് തുടങ്ങിയ ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ കൂട്ടായ്മയായ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ലൈസൻസുള്ള ചെറുതും വലുതുമായ ഭക്ഷണശാലകൾക്ക് മെമ്പർഷിപ്പ് നൽകുന്നതിന് മാർച്ച് വരെ സംസ്ഥാനതലത്തിൽ കാമ്പയിൻ നടത്തുകയാണ്. അംഗങ്ങളാകുന്നവർക്ക് സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്, സ്റ്റിക്കർ എന്നിവ നൽകും. ഉപയോക്താക്കൾക്ക് സ്ഥാപനത്തിലെ സ്റ്റിക്കർ കണ്ടാൽ ലൈസൻസിന് വിധേയമായി പ്രവർത്തിക്കുന്നതാണോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. അംഗങ്ങളായിട്ടുള്ളവർക്ക് സംഘടന കാലികപ്രസക്തമായ ട്രെയിനിംഗുകൾ, ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ തുടങ്ങിയവ നൽകും. ജില്ലാ അംഗത്വ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രചാരണ പോസ്റ്റർ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ. ബാബു ജില്ലാ പ്രസിഡന്റ് എം.എസ്. അജിക്ക് നൽകി തൊടുപുഴയിൽ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ജയൻ ജോസഫ്, ട്രഷറർ പി.കെ. മോഹനൻ, ഭാരവാഹികളായ രമേശ് എൻ, കണ്ണൻ പി.ആർ, മാത്യു ജേക്കബ്, സജി പി.ആർ. വിൽബർട്ട് ജേക്കബ്, സുധീഷ്, സിജി തോമസ്, പ്രദീപ് കെ.ബി. എന്നിവർ പ്രസംഗിച്ചു.