തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നാളെ രാവിലെ 8.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് ആരംഭിച്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ 17 വരെ തുടരും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന പുനഃപ്രതിഷ്ഠ കൊവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച ഉപദേവന്മാരായ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയും നടക്കും. അന്ന് വൈകിട്ട് അഞ്ചിന് കിടങ്ങൂർ ദേവസ്വത്തിന്റെ ഊരാഴ്മയിലുള്ള ക്ഷേത്രദേവസ്വം ട്രസ്റ്റിന്റെ രക്ഷാധികാരിയും കിടങ്ങൂർ ദേവസ്വം മാനേജരുമായ എൻ.പി. ശ്യാംകുമാർ നമ്പൂതിരി 1975 മുതലുള്ള മുൻ ഭരണസമിതി അംഗങ്ങളെയും നവീകരണസമിതി അംഗങ്ങളെയും ആദരിക്കും. അയ്യപ്പ സേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അനുഗ്രഹപ്രഭാഷണം നടത്തും. ഹിന്ദു എക്കണോമിക്‌ ഫോറം ദേശീയ സെക്രട്ടറി എസ്. പത്മഭൂഷൻ, തപസ്യ മധ്യമേഖലാ സെക്രട്ടറി വി.കെ. ബിജു, എൻ.എൻ. ജനാർദ്ദനൻ നായർ നടുവിലേടത്ത് എന്നിവർ ആശംസാപ്രസംഗം നടത്തും. നാളെ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്കുശേഷം നാണയപ്പറ നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ വി.ബി. ജയൻ, സെക്രട്ടറി സിജു ബി, പുനരുദ്ധാരണ സമിതി കൺവീനർ എം.ആർ. ജയകുമാർ, നവീകരണ സമിതി കൺവീനർ പി.ആർ. സുധീർകുമാർ, ക്ഷേത്രം മാനേജർ കെ.ആർ. സതീഷ്‌ എന്നിവർ പങ്കെടുത്തു.