 
തൊടുപുഴ: പൊതുമേഖല സ്ഥാപനമായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് സ്‌പൈസസ് ബോർഡ് ഏലത്തിന് വിള ഇൻഷുറൻസ് ഏർപ്പെടുത്തിയതായി സ്പെസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ പറഞ്ഞു. ബി.ഡി.ജെ.എസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകയോഗം
ടൗൺ എസ്.എൻ.ഡി.പി ശാഖ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28 വരെ ഈ പദ്ധതിയിൽ ചേരാൻ സമയമുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള പരീക്ഷണങ്ങളാണ് എലം ലേലത്തിൽ വരുത്തിയ പുതിയ മാറ്റം. കർഷകർക്കൊപ്പം നിന്ന് വിപണിയെ സജീവമാക്കി ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യം. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികളും പരിപാടികളുമാണ് സ്‌പൈസസ് ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് വിജയൻ മാടവനയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിനോദ് നാരായണൻ, നിയോജകമണ്ഡലം ട്രഷറർ കെ.എം. പീതാംബരൻ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ.വി. ഷാജു സ്വാഗതവും ഡി. മനോഹരൻ നന്ദിയും പറഞ്ഞു.