മുട്ടം: മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്ന മാത്തപ്പാറ പമ്പ് ഹൗസിന് സമീപം പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ചു. പമ്പ് ഹൗസിന് സമീപത്തുള്ള ട്രാൻസ്‌ഫോമർ കാലപ്പഴക്കത്താൽ ശേഷി കുറഞ്ഞതിനാൽ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് മുട്ടം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം പതിവായി മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതോടെ പഞ്ചായത്ത് അധികൃതർ, പ്രദേശവാസികൾ, വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ ട്രാൻസ്‌ഫോമർ നിലനിറുത്തിയാണ് പുതിയതൊരെണ്ണം കൂടി സ്ഥാപിച്ചത്. പഴയ ട്രാൻസ്‌ഫോമർ പമ്പ് ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായിട്ടും പുതിയ ട്രാൻസ്ഫോമർ അമ്പാട്ട് കോളനി, മാത്തപ്പാറ പ്രദേശങ്ങളിലേക്കുള്ള വോൾട്ടേജ് ക്ഷാമം ഉൾപ്പെടെയുള്ള വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് സജ്ജമാക്കിയിരിക്കുന്നത്.
മോട്ടോർ പ്രശ്നത്തിന് പരിഹാരമായില്ല
മാത്തപ്പാറ പമ്പ് ഹൗസിലുള്ള മോട്ടോറിന്റെ വർഷങ്ങളായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. പി.ജെ. ജോസഫ് എം.എൽ.എ പുതിയ മോട്ടോർ വാങ്ങിക്കാൻ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുക കുറവായതിനെ തുടർന്ന് ടെൻഡർ എടുക്കാൻ ആരും തയ്യാറായില്ല. എന്നാൽ ചില ഇടപെടലുകളെ തുടർന്ന് അടുത്ത നാളിൽ ടെണ്ടർ ഏറ്റെടുക്കാൻ ഒരാൾ രംഗത്ത് എത്തിയിരുന്നു. പുതിയതായി നിർമ്മിച്ചെടുക്കുന്ന മോട്ടോർ സെറ്റ് ആവശ്യമായതിനാൽ അതിന്റെ പണിപ്പുരയിലാണ് വാട്ടർ അതോറിട്ടിയും കരാറുകാരനും. പുതിയ മോട്ടോറിന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ.