saneesh
അന്തരിച്ച കേരള വ്യാപാര വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി. നസിറുദ്ദീന്റെ ഛായാചിത്രത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പുഷ്പാർച്ചന നടത്തുന്നു

തൊടുപുഴ: അന്തരിച്ച കേരള വ്യാപാര വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി. നസിറുദ്ദീനെ അനുസ്മരിച്ച് വ്യാപാരസമൂഹം. വ്യാപാരികൾ എത്രത്തോളം ടി. നസിറുദ്ദീന്റെ നേതൃത്വം അംഗീകരിച്ചിരുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ ജന സമൂഹമെന്ന് തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അനുസ്മരിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലം കേരളത്തിലെ വ്യാപാരികൾക്ക് ആരെയും പേടിക്കാതെ സധൈര്യം കച്ചവടം ചെയ്യാൻ സാഹചര്യം ഒരുക്കിയ നേതാവിനെയാണ് നഷ്ടമായതെന്ന് മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. വ്യാപാരികളുടെ ആവശ്യങ്ങൾ എവിടെയും ഉന്നയിച്ചു അത് നേടിയെടുക്കാൻ പ്രയത്‌നിച്ച നേതാവ് ഇനിയില്ലെന്ന് അറിയുമ്പോൾ അത് വ്യാപാരസമൂഹത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടം തന്നെയാണ്. നികത്താനാകാത്ത വിടവാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ മുഹമ്മദ് അഫ്‌സൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജമാൽ മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് എൻ.പി ചാക്കോ, ജനറൽ സെക്രട്ടറി ആർ. രമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ്. മുഹമ്മദ്, മുൻ പ്രസിഡന്റുമാരായ കെ. വിജയൻ, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, അബ്ദുൾ ഷെറീഫ് സി.കെ, മനോജ് കോക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.