 
കട്ടപ്പന: വെള്ളിലാംകണ്ടം കുഴൽ പാലത്തിനു സമീപം ഇടുക്കി ഡാമിന്റെ ഭാഗമായ ജലാശയത്തിലേയ്ക്ക് കാർ വീണു. തൊപ്പിപ്പാള സ്വദേശിയുടെ നാനോ കാറാണ് ഇന്നലെ പുലർച്ചെ ഏറിയ ഭാഗവും വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. മദ്യ ലഹരിയിലെത്തിയ ഉടമ വാഹനം ജലാശയത്തിലേക്ക് മനപൂർവ്വം തള്ളിയിട്ടതാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം അറിഞ്ഞ് കട്ടപ്പനയിൽ നിന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. കാറിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാൽ കാർ ജലാശയത്തിൽ വീണത് സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു.