തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പി.എം.ജി.എസ്.വൈ) സ്‌കീമിൽ പെടുത്തി പണി തുടങ്ങുന്ന കൊല്ലംപറമ്പ്, തെങ്ങുംപ്പിള്ളി, കുണിഞ്ഞി, ശാന്തിഗിരി, കണ്ണാടികണ്ടം റോഡിന്റെ നിർമാണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡീൻ കുര്യക്കോസ് എം.പി നിർവഹിച്ചു. കൊല്ലംപറമ്പ് മുതൽ കണ്ണാടികണ്ടം വരെയുള്ള 7.2 കിലോമീറ്റർ ദൂരമുള്ള റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിന് അഞ്ച് കോടിയാണ് അനുവദിച്ചിട്ടുള്ളത്. പുറപ്പുഴ പഞ്ചായത്തിൽ ആദ്യമായാണ് ഒരു റോഡിന് വേണ്ടി ഇത്രയും തുക അനുവദിക്കുന്നത്. ഈ റോഡ് വികസനത്തിലൂടെ കുണിഞ്ഞി ഗ്രാമത്തിന്റെയും ശാന്തിഗിരി, കണ്ണാടികണ്ടം ഭാഗത്തിന്റെയും മുഖച്ഛായ മാറും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോബി മാത്യു, മാർട്ടിൻ ജോസഫ്, വാർഡ് മെമ്പർമാരായ സേതുരാജ്, മിനി ടോമി, സൗമ്യ ബിൽജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ സോമി വട്ടക്കാട്ട്, റെനീഷ് മാത്യു, പി.ജി. പ്രസാദ്, തോമസ് വെളിയത്തുമാലി, ജോബി പോളക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.