prathikal
അറസ്റ്റിലായ പ്രതികൾ

പീരുമേട്: വാഹനങ്ങൾ മോഷ്ടിച്ച് രൂപ മാറ്റം വരുത്തിയ ശേഷം വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേർ പൊലീസ് പിടിയിലായി. നാലു മാസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രായപൂർത്തിയാകാത്തയാളടക്കം അഞ്ച് പേരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി സ്വദേശികളായ മുരളീധരൻ (62), ബിജു (47), അനീഷ് ഗോപാലൻ (42), കട്ടപ്പന സ്വദേശി രവീന്ദ്രൻ (47), ഒരു 17കാരൻ എന്നിവരാണ് പിടിയിലായത്. പാമ്പനാർ വെച്ചൂരാത്ത് വീട്ടിൽ വി.ഐ. മജീദിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ നവംബറിൽ പാമ്പനാറിൽ നിന്ന് 17കാരനാണ് മോഷ്ടിച്ചു കടത്തിയത്. ഇയാൾ വാഹനം വർക്ക്‌ഷോപ്പ് ഉടമയായ മുരളീധരന് വിറ്റു. ബിജു, അനീഷ്, രവീന്ദ്രൻ എന്നിവർ ചേർന്ന് വാഹനത്തിന് രൂപമാറ്റം വരുത്തി. ടാക്‌സി പെർമിറ്റിലായിരുന്ന ഓട്ടോറിക്ഷയുടെ എഞ്ചിൻ നമ്പറും ചെയ്‌സ് നമ്പറും നിറവും ഉൾപ്പെടെ വാഹനത്തിൽ രൂപമാറ്റം വരുത്തി സ്വകാര്യ വാഹനമാക്കിയാണ് മോഷ്ടാക്കൾ ഉപയോഗിച്ചിരുന്നത്. പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാമ്പനാറിൽ വച്ച് രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷയെക്കുറിച്ച് പാമ്പനാർ സ്വദേശിയായ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കൂടുതൽ ആളുകളിലേയ്ക്ക് അന്വേഷണം നീളുമെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയവരെ റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി സി.ജി. സനൽകുമാർ, എസ്.ഐമാരായ അജേഷ് കെ.ആർ, ബിജു സൈമൺ, അഫ്സർ, ഇസ്മായിൽ, സി.പി.ഒമാരായ ബിജു, അങ്കകൃഷ്ണൻ, സിയാദ്, ജോജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.