തൊടുപുഴ: കൂറുമാറ്റങ്ങളിലൂടെ തദ്ദേശഭരണം അട്ടിമറിക്കുന്നത് തുടർക്കഥയായതോടെ മുന്നണികൾ ആശങ്കയിൽ. അടുത്തത് എവിടെ ഭരണം നഷ്ടമാകുമെന്നതാണ് യു.ഡി.എഫിനെ അലട്ടുന്നതെങ്കിൽ ചിന്നക്കനാലിലെ പോലെ ഒരു തിരിച്ചടി ഇടതുപക്ഷവും ഭയക്കുന്നുണ്ട്. രണ്ട് മാസത്തിനിടെ ജില്ലയിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനും ഒരു പഞ്ചായത്തിൽ എൽ.ഡി.എഫിനും ഭരണം നഷ്ടമായി. മൂന്നാർ പഞ്ചായത്തിൽ യു.ഡി.എഫിലെ രണ്ടംഗങ്ങൾ കൂറുമാറിയപ്പോൾ 11 വർഷമായി മുന്നണി കൈയടക്കിയിരുന്ന ഭരണമാണ് നഷ്ടമായത്. വാത്തിക്കുടി പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ പ്രസിഡന്റ്, കാലാവധി പൂർത്തിയായപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്നതും യു.ഡി.എഫിന് ഭരണം നഷ്ടമാക്കി. ഭരണം പിടിച്ചെടുക്കാൻ സി.പി.എം പരീക്ഷിച്ച ഈ അടവുനയം പിന്നീട് കുടയത്തൂർ പഞ്ചായത്തിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും ആവർത്തിച്ചു. കുടയത്തൂരിലും പ്രസിഡന്റ് കേരള കോൺഗ്രസിൽ നിന്നായിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ മുന്നണിയോട് ചോദിച്ചുവാങ്ങിയ ഒരു മാസം കൂടി പ്രസിഡന്റ് സ്ഥാനത്തിരുന്ന ശേഷമായിരുന്നു ഇവിടെ കൂറുമാറ്റം. ഏറ്റവും ഒടുവിൽ ഇടുക്കി ബ്ലോക്കിൽ പ്രസിഡന്റ് സ്ഥാനം നിലനിറുത്താൻ കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റും എൽ.ഡി.എഫിനൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെ തൊടുപുഴ നഗരസഭയിൽ ഇടതുപക്ഷം ഭരണം പിടിച്ചതുമുതലാണ് കൂറുമാറ്റങ്ങൾക്ക് തുടക്കം. അധികം വൈകാതെ കരുണാപുരം പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിൻതുണയോടെ യു.ഡി.എഫ് പിടിച്ചെടുത്തു.
എൽ.ഡി.എഫിന് തിരിച്ചടി
യു.ഡി.എഫ് ഭരിച്ചിരുന്ന ചിന്നക്കനാൽ പഞ്ചായത്തിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. എന്നാൽ സി.പി.എം- സി.പി.ഐ ഭിന്നതമൂലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ഭരണം വീണ്ടും യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യവുമുണ്ടായത് ഇടതുപക്ഷത്തിന് തിരിച്ചടിയായി.
സി.പിയും സി.വിയും വന്നശേഷം
ഡി.സി.സി പ്രസിഡന്റായി സി.പി. മാത്യുവും സി.പി.എം ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസും അധികാരത്തിലെത്തിയതോടുകൂടിയാണ് തദ്ദേശ സ്ഥാപനങ്ങളിലും രാഷ്ട്രീയ മാറ്റങ്ങൾ ശക്തമായത്. സി.പി. മാത്യു അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് കരുണാപുരം പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് പിടിച്ചെടുത്തത്. ഇതിന് മറുപടിയെന്നോണം മൂന്നാറും വാത്തിക്കുടിയും കുടയത്തൂരും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഒന്നൊന്നായി യു.ഡി.എഫിന് നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇനിയും സംഭവിച്ചേക്കാം
പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള ഇത്തരം കൂറുമാറ്റങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ അരങ്ങേറുമെന്നാണ് സൂചന.
മുന്നണികളിൽ ഉരുത്തിരിഞ്ഞ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയവർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകാത്തതാണ് കക്ഷിനിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തദ്ദേശസ്ഥാനപങ്ങളിൽ അട്ടിമറികളിലൂടെ ഭരണമാറ്റത്തിന് കളമൊരുക്കിയത്. അതിനാൽ രണ്ടോ രണ്ടരയോ വർഷം പൂർത്തിയാകുമ്പോൾ വീണ്ടും ഇതേ നാടകം ആവർത്തിച്ചേക്കാം.