class

തൊടുപുഴ : ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണിദാസ്
മലയാളം പഠിക്കുന്ന തിരക്കിലാണ് . കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ
പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേവികുളം പഞ്ചായത്തിലെ വിവിധ വാർഡുകളിലും സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചിരുന്നു.തമിഴ് ഭാഷ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന പ്രസിഡന്റ് മലയാളം പഠിക്കാനുള്ള അവസരം ഒട്ടും പാഴാക്കിയില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് മുറിയിൽ മറ്റ് ഔദ്യോഗിക ജോലികൾക്കൊപ്പം തന്നെയാണ് പ്രസിഡന്റിന്റെ മലയാളം പഠനം. ഓഫീസിന്റെ അടുത്ത മുറിയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ബൂറോയിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫിസറും പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ
ഇൻസ്ട്രക്ടറുമായ ബിനോഷ് സൊബാസ്റ്റിനാണ് പ്രസിഡറ്റിന് ക്ലാസ് എടുക്കുന്നത്. 350 ഓളം പേരാണ് ദേവികുളം പഞ്ചായത്തിലെ പഠിതാക്കൾ. മൂന്നാർ പഞ്ചായത്തിൽ 250ഓളം പേരും മലയാളം പഠിക്കാൻ തയ്യാറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ് മേഖലയിൽ ഉൾപ്പെട്ട വട്ടവടയിൽ 1526 പേരും മറയൂരിൽ 2036 പേരും കാന്തല്ലൂരിൽ 2011 പേരുമാണ് സർവ്വേയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ആകെ 23840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പഠിതാക്കൾ മറയൂർ പഞ്ചായത്തിലാണ് 2036 പേർ.കുറവ് ഇരട്ടയാറിലും 45 പേർ. ഇവരെ മാർച്ച് 31 ഓടെ സാക്ഷരരാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പഠിതാക്കൾക്കായി ക്ലാസുകൾ ആരംഭിച്ചു വരികയാണ്.