മറയൂർ: ഒരു വർഷം മുമ്പ് വെട്ടി പരിക്കേൽപ്പിച്ചയാളെ വീണ്ടും വാക്കത്തി കൊണ്ട് വെട്ടിയശേഷം പ്രതി ഒളിവിൽ പോയി. കുളിച്ചിവയൽ നാക്കുപെട്ടി ആദിവാസി കുടിയിലെ മുത്തുസ്വാമിക്കാണ് (49) അയൽവാസിയായ ലവനിൽ നിന്ന് രണ്ടാമതും വെട്ടേറ്റത്. കഴിഞ്ഞവർഷം ജനുവരി ഒന്നിനാണ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മുത്തുസ്വാമിയെ ലവൻ ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചത്. ദിവസങ്ങൾക്കകം ലവനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ കഴിഞ്ഞ് മുത്തുസ്വാമി കുടിയിൽ തിരിച്ചെത്തി. ലവനും ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് മുത്തുസ്വാമിയെ ലവൻ വെട്ടുകയായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പൊലീസ് സഹായത്തോടെ മുത്തുസ്വാമിയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മറയൂർ സ്റ്റേഷൻ ഹൗസ് ആഫീസർ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ലവനെ പിടികൂടാൻ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.