28ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം
ഇടുക്കി: ഇനി പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി നശിച്ചാൽ കടക്കെണിയിലാകുമെന്ന് ഏലം കർഷകർ ഭയക്കേണ്ട. സ്‌പൈസസ് ബോർഡും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഒഫ് ഇന്ത്യയും ചേർന്ന് ഏലം കർഷകർക്കും വിള ഇൻഷുറൻസ് ഏർപ്പെടുത്തി. കുറഞ്ഞത് 0.1 ഹെക്ടറോ 100 ഏലച്ചെടികളോ കൃഷി ചെയ്യുന്ന കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ള കർഷകർക്ക് പദ്ധതിയിൽ ചേരാം. കാലാവസ്ഥാധിഷ്ഠിതം, വ്യക്തിഗതം എന്നിങ്ങനെ രണ്ട് തരത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. അധികമഴ, വരൾച്ച, കീടസാധ്യതയോ രോഗസാധ്യതയോയുള്ള കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ ഒരു പ്രദേശത്താകെ കൃഷി നാശം സംഭവിച്ചാലാണ് കാലാവസ്ഥാധിഷ്ഠിത നഷ്ടപരിഹാരം ലഭിക്കുക. ഓരോ പ്രദേശങ്ങളിലുള്ള കാലാവസ്ഥാ നിലയങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ കൂടി അനുസരിച്ചാണ് ഇത് വിലയിരുത്തുന്നത്. ഈ നഷ്ടപരിഹാരത്തുക ലഭിക്കാൻ കർഷകർ അറിയിപ്പോ അപേക്ഷയോ നൽകേണ്ടതില്ല. പരമാവധി ഹെക്ടറൊന്നിന് 1,20,000 രൂപ വരെ ലഭിക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റിൽ മരങ്ങൾ ഏലത്തിന് മുകളിൽ വീണുണ്ടാകുന്ന വിളനാശം എന്നിവയ്ക്കാണ് വ്യക്തിഗത നഷ്ടപരിഹാരം ലഭിക്കുക. കുറഞ്ഞത് 10 ഏലച്ചെടികളെങ്കിലും പൂർണമായും നശിച്ചാൽ നഷ്ടപരിഹാരത്തിന് അർഹനാണ്. നഷ്ടമുണ്ടായി 72 മണിക്കൂറിനകം കർഷകർ വിവരം അറിയിക്കണം. 15 ദിവസത്തിനകം ഇൻഷുറൻസ് കമ്പനിയുടെയും സ്പൈസസ് ബോർഡിന്റെയും പ്രതിനിധികൾ കൃഷിയിടത്തിലെത്തി നഷ്ടപരിഹാരം നിർണയിക്കും. പരിശോധനാ റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിൽ പണമെത്തും.
ഇൻഷുറൻസ് പരിരക്ഷ തുടങ്ങുന്നത് മാർച്ച് ഒന്നിനാണ്. അതിനാൽ ഈ 28നകം കർഷകർ പദ്ധതിയിൽ ചേരണം.
പ്രീമിയവും സബ്സിഡിയും
ഒരു ഹെക്ടർ ഏലംകൃഷി കർഷകർക്ക് 1,20,000 രൂപയ്ക്ക് ഇൻഷുർ ചെയ്യാം.
നാല് ഹെക്ടർ വരെ കൃഷിയുള്ളവർക്ക് പ്രീമിയം സബ്സിഡി ലഭിക്കും.
പ്രീമിയത്തിന്റെ 75 ശതമാനമാണ് സ്‌പൈസസ് ബോർഡ് സബ്‌സിഡിയായി നൽകുന്നത്. കർഷകർ സബ്‌സിഡി കഴിഞ്ഞ് ഒരു വർഷം അടയ്‌ക്കേണ്ട പ്രീമിയംതുക 5310 രൂപയാണ്. ഒരേക്കറിനാണെങ്കിൽ 2124 രൂപ.
അപേക്ഷിക്കേണ്ടതിങ്ങനെ
പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന കർഷകർ പൂരിപ്പിച്ച അപേക്ഷയക്കൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, കരമടച്ച രസീത് അല്ലെങ്കിൽ പാട്ടച്ചീട്ട്, കാർഡമം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം സ്പൈസസ് ബോർഡ് ഫീൽഡ് ആഫീസിലോ ഇൻഷുറൻസ് കമ്പനി പ്രതിനിധികളെയോ ബന്ധപ്പെടണം. അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ ഇടുക്കിയിലെ പ്രതിനിധികൾ: ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകൾ- 9995681025, ഇടുക്കി, തൊടുപുഴ താലൂക്കുകൾ- 9037138382, പീരുമേട്- 8589808591.
'ഏലം കർഷകരുടെ ദീർഘനാളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. പ്രീമിയം തുകയ്ക്ക് സ്പൈസസ് ബോർഡ് 75 ശതമാനം സബ്സിഡി നൽകുന്നുണ്ട്. ബാക്കിയുള്ള 25ൽ 15 ശതമാനമെങ്കിലും സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകിയാൽ കർഷകർക്ക് വലിയ ആശ്വാസമാകും. ഇക്കാര്യം കൃഷി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ്."
-എ.ജി. തങ്കപ്പൻ (സ്പൈസസ് ബോർഡ് ചെയർമാൻ)