മുട്ടം: സീബ്രാ ലൈൻ മാഞ്ഞ്പോയതിനെത്തുടർന്ന് അപകടമേഖലയായി മാറിയ മലങ്കര പെരുമറ്റം കവലയിൽ സീബ്രാലൈൻ പുന സ്ഥാപിച്ചു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന തൊടുപുഴ - മുട്ടം റൂട്ടിൽ പെരുമറ്റം കവലയിൽ റോഡിൽ സീബ്രാ ലൈൻ ഇല്ലാത്തത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. മലങ്കര അണക്കെട്ട് റൂട്ടിലേക്ക് നിത്യവും അനേകം വാഹനങ്ങളും കാൽനട യാത്രക്കാരും കടന്ന് പോകുന്ന പെരുമറ്റം കവലയിൽ റോഡിൽ സീബ്രാ ലൈൻ ഇല്ലാത്തതിനാൽ ഇവിടെ അപകട സാദ്ധ്യത ഏറെയായിരുന്നു. മുട്ടം റൂട്ടിൽ നിന്ന് വരുന്നവർക്ക് തൊടുപുഴ നഗരത്തിൽ എത്താതെ പെരുമറ്റം കവലയിൽ നിന്ന് എളുപ്പത്തിൽ തെക്കും ഭാഗം റോഡിൽ പ്രവേശിക്കാൻ കഴിയും. ഇവിടെ മുൻപ് സീബ്രാ ലൈൻ സ്ഥാപിച്ചിരുന്നെങ്കിലും മാഞ്ഞ് പോയിരുന്നു.. സീബ്രാ ലൈൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൊതുമരാമത്ത് അധികൃതകർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ ആയില്ല. ഇത്‌ സംബന്ധിച്ചുള്ള വാർത്തകളെ തുടർന്നാണ് പുനസ്ഥാപിച്ചത്. മുട്ടം ടൗൺ മുതൽ കുളമാവ് വരെയുള്ള റോഡിന്റെ വശങ്ങളിൽ വെള്ള വരകൾ സ്ഥാപിച്ച് വരുകയാണ്. എന്നാൽ മുട്ടം പൊലീസ് സ്റ്റേഷൻ മുതൽ തൊടുപുഴ റൂട്ടിൽ അടുത്ത ഘട്ടത്തിലാണ് റോഡിന്റെ വശങ്ങളിൽ വെള്ള വരകൾ സ്ഥാപിക്കുന്നത്. പെരുമറ്റം കവലയിൽ അപകടാവസ്ഥ കൂടുതൽ ആയതിനാലാണ് ഇവിടെ പ്രത്യേകമായി റോഡിൽ സീബ്രാ ലൈനും വശങ്ങളിൽ വെള്ള വരയും സ്ഥാപിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.