തൊടുപുഴ: സർക്കാർ 2022 മാർച്ച് 31വരെ വിവിധ വായ്പാ കുടിശ്ശികയിൻമേലുള്ള നിയമനടപടികൾ മരവിപ്പിക്കുകയും തിരിച്ചടവിന് സാവകാശം നൽകുകയും ചെയ്തിട്ടുണ്ടെങ്കിലുംഇത് പ്രാവർത്തികമാകുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് എം. പി. ബാങ്കുകൾ ഇടപാടുകാർക്ക് യാതൊരുവിധ ഇളവുകളും സാവകാശവും നൽകാതെ നിരന്തരം ഇടപാടുകാരെ നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുകയും ജപ്തി നടപടികൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും നേട്ടീസ് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിയമായി ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് എം.പി. ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകുകയും ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും നിത്യേന നേരിട്ടും ഫോണിലൂടെയും വിളിച്ച് അറിയിക്കുന്ന ജനങ്ങളുടെ പരാതിയും ആശംങ്കകളും എം.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ജില്ലയിൽ നിരന്തരമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും പ്രളയവും 2 വർഷമായി തുടരുന്ന കൊവിഡ് പ്രതിസന്ധിയും മൂലവും തൊഴിൽ നഷ്ടവും കൃഷിനാശവും വന്നിട്ടുള്ള കർഷകരുടെയും ചെറുകിട കച്ചവടക്കാർ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി മറ്റ് ജനങ്ങളെയും വായ്പാ കുടിശ്ശികയിൻമേൽ ബാങ്കുകൾ കടുത്ത ആശങ്കയും പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ കാര്യത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവുകയും വായ്പാ തിരിച്ചടവുകൾക്ക് 6 മാസത്തെയെങ്കിലും സാവകാശം നൽകുകണമെന്നും അതുവരെ ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും എം.പി. മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.