ചെറുതോണി: മുരിക്കാശേരി കള്ളിപ്പാറ സ്വദേശി പാറത്താഴത്ത് വിനീത് ബാബു(29) വിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളായ മിനിയും ബാബുവും . ആഗസ്റ്റ് ആറിന് ശാന്തമ്പാറ പുത്തടിയിലെ ഡ്രൈവേഴ്‌സ് ക്വാർട്ടേഴ്‌സിലാണ് വിനീതിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.വിനീതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി , സുരേഷ് ഗോപി എം.പി, ശാന്തൻപാറ പോലീസ് ഇൻസ്‌പെക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകി. മൂന്ന് വർഷക്കാലമായി മൂന്നാർ പൂപ്പാറ ബോഡിമെട്ട് ദേശീയ പാത നിർമാണ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന വിനീത് പുത്തടിയിലെ കമ്പനിവക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചാം തീയതി കള്ളിപ്പാറയിലെ വീട്ടിൽ വന്ന് മാതാപിതാക്കളെ കണ്ട് വിവാഹക്കാര്യവും വീടു പണിയുന്ന കാര്യവും സംസാരിച്ച് സന്തോഷമായി തിരികെ പോയതാണ്. വിനീത് തൂങ്ങി മരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ഇവർ ആവർത്തിച്ച് പറയുന്നു. നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനീത് . മൂന്ന് വർഷം ഇയാൾ ജോലി ചെയ്തതിന്റെ ശമ്പളവും കാണാനില്ല. . വിനീതിന്റെ വസ്ത്രങ്ങളും പാദരക്ഷകളും തിരികെ ലഭിക്കാത്തതിലുംദുരൂഹതയുണ്ട്.
വിനീതും സുഹൃത്തും താമസിച്ചിരുന്ന മുറിയുടെ ഉയരം കുറഞ്ഞ മേൽക്കൂരയിൽ കാവിമുണ്ടിൽ തൂങ്ങി നിലത്ത് കാൽ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.മകനെ ആരോ കൊലപ്പെടുത്തിയതാണെന്നും ഇതിന് കാരണക്കാരായവരെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നു മാണ് നിരാലംബരായ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.