newman
ന്യൂമാൻ കോളേജ് എൻ.സി.സി യുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പുത്സവം വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുദിപ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: കൊവിഡ് തീർത്ത പരിമിതികളെ അതിജീവിച്ച് എൻ. സി. സി കേഡറ്റുകൾ നടത്തിയ മരച്ചീനി കൃഷിയിൽ നൂറുമേനി വിളവ് നേടി. 'യുവ ഹരിത ഭൂമി 'എന്ന് പേരിട്ട് കോളേജിലെ എൻസിസി വിഭാഗം കഴിഞ്ഞ ഏഴ് വർഷമായി നടപ്പാക്കിവരുന്ന പദ്ധതിയിൽ ആണ് കഴിഞ്ഞ വർഷം മരച്ചീനി കൃഷി ചെയ്തത്. മുൻവർഷങ്ങളിൽ, കര നെല്ല്, വാഴ, ഇഞ്ചി,കാച്ചിൽ, ആയുർവേദ ഔഷധങ്ങൾ, മരച്ചീനി എന്നിങ്ങനെ വിവിധ കൃഷി ഇനങ്ങളാണ് വിജയകരമായി പരീക്ഷിച്ചത്. സമൂഹത്തിൽ കൃഷിയോട് ആഭിമുഖ്യം രൂപീകരിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം, അദ്ധ്വാനശീലം, കൃഷി പരിജ്ഞാനം എന്നിവ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ശേഖരിച്ച കാൽ ലക്ഷത്തോളം രൂപയുടെ ഉണക്കകപ്പ കുമാരമംഗലം പഞ്ചായത്ത് അധികൃതർക്ക് കൊവിഡ് ബാധിതരായ സാധു ജനങ്ങളെ സഹായിക്കുന്നതിനായി കൈമാറിയതായി പദ്ധതിക്കു നേതൃത്വം നൽകുന്ന കോളേജ് ബസാർ ഫാ.പോൾ കാരകൊമ്പിൽ അറിയിച്ചു. ഈ വർഷത്തെ മരച്ചീനി വിളവെടുപ്പ് തൊടുപുഴ മുൻസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. എൻസിസി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു , അഭിജിത്ത് ടി കെ., ആര്യ വിനീത് എന്നിവർ പ്രസംഗിച്ചു.