തൊടുപുഴ: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ജില്ലയിലെ ഐ.എൻ.എൽ (അബ്ദുൾവഹാബ് വിഭാഗം). ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലരുടെ ജൽപനങ്ങൾക്ക് വഴങ്ങി പാർട്ടിയെ കെട്ടിപ്പെടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നതെന്ന് ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം മത നിരപേക്ഷ ചേരിയെ ദുർബലപ്പെടുത്താനും സാമുദായിക രാഷ്ട്രീയത്തിന്റെ അജണ്ട നടപ്പാക്കാനുമുള്ള ചിലരുടെ താത്പര്യങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കലാണ്. ഭൂരിഭാഗം പ്രവർത്തകരും ദേശീയ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബുൾപ്പെടെയുള്ള നേതൃത്വത്തെ വിശ്വാസമർപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു. ആക്ടിങ്ങ് ജില്ലാ പ്രസിഡന്റ് യൂസഫ് കളപ്പുര, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ മുനീർ മൗലവി, വൈസ് പ്രസിഡന്റ് എം.എൻ. സലിം, വി.എം. അബ്ദുൽ കരീം, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.