
ഇടുക്കി :ജില്ലയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയുടെ വളർച്ചയുടെയും വികസനത്തിന്റെയും നേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ചിത്രപ്രദർശന പര്യടനം ആരംഭിച്ചു.പര്യന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വളർച്ചയുടെയും ഒപ്പം നാടിന്റെ നാനാവിധ വികസനവും നവകേരള മിഷന്റെ പ്രവർത്തന മികവും ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും കാനന ഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന വന്യജീവികളും ഉൾപ്പെടുന്ന ദൃശ്യവിരുന്നാണ് ഫോട്ടൊ പ്രദർശന വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അണിയിച്ചൊരുക്കിയ സുവർണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചിത്ര പ്രദർശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, പി. ആർ. ഡി കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തൊടുപുഴയിൽ നിന്നാരംഭിച്ച സഞ്ചരിക്കുന്ന ചിത്രപ്രദർശന പ്രചരണ പരിപാടി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി 19 ന് അടിമാലിയിൽ സമാപിക്കും.